 
മാന്നാർ: കളരിയും കളരി അഭ്യാസവും ചികിത്സയെയും അടുത്തറിയാനായി ഫ്രഞ്ച് പൗരന്മാർ മാന്നാറിലെത്തി. മാന്നാർ കുട്ടമ്പേരൂർ ബ്രഹ്മോദയം കളരിയിലാണ് ഫ്രഞ്ച് പൗരൻമാരായ പ്രൊഫ. മാർക്ക് ലവുറോയും (55), ക്രിസ്റ്റോഫയും (56) എത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് കളരിയെ കൂടുതൽ അറിഞ്ഞതെന്ന് ഇരുവരും പറഞ്ഞു. ബ്രഹ്മോദയം കളരിയിലെ ഗുരുക്കൾ കെ.ആർ. രദീപ് ഇവർക്ക് വിദ്യകൾ പരിചയപ്പെടുത്തി.
മദ്ധ്യ കേരളത്തിലെ കളരിപ്പയറ്റ് സമ്പ്രദായമായ ചെങ്ങന്നൂർ അൻപത്തിരടി കളരി സമ്പ്രദായം ആണ് ഇവിടെ പ്രധാനമായും പരിശീലിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കളരിപ്പയറ്റ് വിദ്യയും ചികിത്സാരീതിയും മരുന്നു പ്രയോഗങ്ങളും കൂടാതെ ഫോക് ലോർ കലകളായ പടവെട്ടും പാട്ടും കോൽകളി എന്നിവയും ഇരുവരും അടുത്തറിഞ്ഞു.