a
നവസങ്കല്പ് പദയാത്രയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം മാങ്കംകുഴിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദിന് പതാക കൈമാറി നിര്‍വഹിക്കുന്നു

മാവേലിക്കര: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്‌ നയിക്കുന്ന നവസങ്കല്പ പദയാത്രയ്ക്ക് മാവേലിക്കര മാങ്കാംകുഴിയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം മാങ്കംകുഴിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബാബുപ്രസാദിന് പതാക കൈമാറി നിര്‍വഹിച്ചു.

സംസ്ഥാനത്തെ ഭരണം തകർച്ചയിലാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. ദേശീയപാതയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും പൊതുമരാമത്ത് പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും കുറ്റക്കാരാണ്. പ്രീ മൺസൂൺ ജോലികൾ നടന്നില്ല. അത് ചൂണ്ടിക്കാണിച്ചപ്പോൾ എന്റെ മനസിലെ കുഴി അടയ്ക്കാനാണ് സംസ്ഥാന മന്ത്രി പറയുന്നത്. എന്റെ മനസ്സിലെ കുഴി ഞാൻ അടയ്ക്കാം. അത് അവിടെ കിടന്നാലും ആരും മരിക്കാൻ പോകുന്നില്ല. പക്ഷേ റോഡുകളിലെ കുഴി അടച്ചില്ലെങ്കിൽ ഇവിടെ മരണങ്ങൾ ആവർത്തിക്കും. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ വ്യക്തിപരമായ ആക്രമണമാണ് നടത്തുന്നത്. സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ വിമർശിക്കുകയും അതിലെ തെറ്റ് തിരുത്തുകയുമാണ് പ്രതിപക്ഷത്തിന്റെ കടമ. അത് പറയുമ്പോൾ ഞാൻ ജയിലിൽ പോയിട്ടില്ലെന്നും കൊതുകുകടി കൊണ്ടിട്ടില്ലെന്നും ഒളിവിൽ പോയിട്ടില്ലെന്നുമാണ് മന്ത്രി പറയുന്നത്. റോഡിലെ കുഴികളെ സംബന്ധിച്ച് അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുകയാണ്. മാദ്ധ്യമങ്ങളും ഹൈക്കോടതിയും നിരന്തരം വിമർശിക്കുമ്പോൾ പ്രതിപക്ഷം വിമർശിക്കുന്നതിനെ അസഹിഷ്ണുതയോടെയാണ് കാണുന്നത്. ഇതിന് മറുപടി പറയാനില്ല- അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കോശി എം.കോശി അദ്ധ്യക്ഷനായി. എ.എ.ഷുക്കൂർ, എം.ജെ ജോബ്, കെ.പി. ശ്രീകുമാർ, എം.മുരളി, ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.ആർ. മുരളീധരൻ, അനി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. ജാഥ വൈകിട്ട് മാവേലിക്കര നഗരം വഴി തട്ടാരമ്പലം ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.