ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ, മുൻ ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ആനന്ദജി ഗുരുദേവ തിരുവടികളുടെ 8 -ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധിമണ്ഡപങ്ങളിൽ പുഷ്പാർച്ചന, ആശ്രമ പ്രദക്ഷിണം എന്നീ ചടങ്ങുകൾക്കുശേഷം ജന്മനക്ഷത്ര ഘോഷയാത്ര ചെന്നിത്തല വാഴക്കൂട്ടം കടവിനു സമീപമുള്ള ശ്രീ ആനന്ദ മന്ദിരത്തിൽ നിന്നാരംഭിച്ച് കോട്ടമുറി ജംഗ്ഷനിലെത്തി ചക്കുംകൂട്, കല്ലുംമൂട്, കാരാഴ്മ ജംഗ്ഷൻ വഴി ആശ്രമ സന്നിധിയിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന സമൂഹാരാധനയിൽ ആശ്രമാധിപതി ബശീ ദേവാനന്ദ ഗുരുദേവ തിരുവടി അനുഗ്രഹപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2ന് ജന്മനക്ഷത്രസമ്മേളനം ചിന്മയ മിഷൻ കേരള ഘടകം മുഖ്യ ആചാര്യൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തും. മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ആശീർവദിക്കും. സജി ചെറി യാൻ എം.എൽ.എ, കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ശ്രീശുഭാനന്ദ ട്രസ്റ്റ് മെമ്പർ സ്വാമി നിത്യാനന്ദൻ, വാർഡ് മെമ്പർ ബിന്ദു പ്രദീപ് എന്നിവർ സംസാരിക്കും. ശ്രീശുഭാനന്ദാ ട്രസ്റ്റ് മെമ്പർ സ്വാമി വേദാനന്ദൻ സ്വാഗതവും ട്രസ്റ്റ് ഉപദേശകസമിതി കൺവീനർ അഡ്വ. പി.കെ. വിജയപ്രസാദ് നന്ദിയും പറയും.
വൈകിട്ട് 7 മുതൽ നാദസ്വര വിദ്വാൻ ഏവൂർ സുഭാഷ്, തകഴി അനീഷ് കുമാർ എന്നിവരും സംഘവും അവതരിപ്പിക്കുന്ന നാദസ്വരസേവ നടക്കും. തുടർന്ന് ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, പ്രാർത്ഥന എന്നിവയ്ക്കുശേഷം ഏവൂർ കണ്ണമ്പള്ളി കഥകളിയോഗം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളിയോടെ ആഘോഷപരിപാടികൾ സമാപിക്കും.