 
പടഹാരം തോട്ടിലെ നടപ്പാലം നാടിനു ഭീഷണി
അമ്പലപ്പുഴ: തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ പടഹാരം തോട്ടിലെ നടപ്പാലം അപകട ഭീഷണിയിൽ.
45 വർഷത്തോളം പഴക്കമുള്ള പാലത്തിൻ്റെ ബീമുകൾ ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. പടഹാരം പള്ളിക്ക് കിഴക്ക് വായനശാല റോഡിലേക്കുള്ള പാലം, ബീമുകളിൽ സ്ലാബ് പാകി കോൺക്രീറ്റ് ചെയ്താണ് നിർമ്മിച്ചിരിക്കുന്നത്. അപകടനിലയിൽ ആയതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. രണ്ടു കിലോമീറ്ററോളം ദൂരം ചുറ്റിയോ, വള്ളത്തിലോ വേണം ഇവർക്ക് റോഡിൽ എത്താൻ. ആശുപത്രിയിൽ രോഗികളെ എത്തിക്കണമെങ്കിലും വള്ളത്തിൽ കൊണ്ടുപോകണം. കഴിഞ്ഞ ദിവസം മരിച്ച പ്രദേശവാസിയായ സജീവന്റെ മൃതദേഹം വള്ളത്തിലാണ് കൊണ്ടുപോയത്.
ചിറയകം യു.പി സ്കൂളിലക്ക് വിദ്യാർത്ഥികൾ പോകുന്നത് ഇതുവഴിയാണ്. പടഹാരം പള്ളിയിലേക്കും റേഷൻ കടയിലേക്കും, തകഴി ജംഗ്ഷനിലേക്കും നാട്ടുകാർക്ക് എത്താനുള്ള എളുപ്പവഴിയാണ് ഈ നടപ്പാലം. പഞ്ചായത്തിലും ഗ്രാമസഭയിലും പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
നടപ്പാലത്തിന്റെ ബീം തകർച്ച ഭീഷണിയിലാണ്. നിരവധി വിദ്യാർത്ഥികൾ എല്ലാദിവസവും സഞ്ചരിക്കുന്ന പാലമാണിത്. അപകട ഭീഷണിയിൽ ആയതോടെ നാട്ടുകാർ ഭയത്തിലാണ്. അധികൃതർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം
ഷിബു അട്ടിയിൽ, പ്രദേശവാസി