ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ഇരുന്നൂറിലധികം കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുണ്ടായിട്ടും രാമങ്കരിക്കാരെ തഴയുന്നതായി പരാതി. രാമങ്കരി എൻ.എസ്.എസ് ക്യാമ്പിൽ എത്തുന്നവർക്ക് മാത്രമാണ് നിലവിൽ ഭക്ഷണമുള്ളത്.
വീടുകളിലെയും പരിസരത്തെയും വെള്ളക്കെട്ട് നീന്തിക്കടന്ന് കിലോമീറ്ററുകളോളം താണ്ടി ക്യാമ്പിൽ എത്തിപ്പെടുക പ്രയാസമായതിനാൽ മറ്റ് വാർഡുകളിലുള്ളവർ വെള്ളം നിറഞ്ഞ് കിടക്കുന്ന അടുക്കളകളിലാണ് പാചകം തുടരുന്നത്. മുമ്പ് വെള്ളം കയറുന്ന സമയങ്ങളിൽ ഓരോ വാർഡിലെയും പാലങ്ങൾ കേന്ദ്രീകരിച്ച് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുമായിരുന്നു. പട്ടികജാതി കോളനികളിലെ അംഗങ്ങൾ ഉൾപ്പടെ ഇത്തവണ യാതൊരു ആനുകൂല്യവും ലഭിക്കാത്ത സ്ഥിതിയിലാണ്. മുൻ വർഷങ്ങളിൽ, ദുരിതത്തിൽ കഴിയുന്നവരുടെ റേഷൻകാഡുകൾ വാങ്ങി പതിപ്പിച്ച് സപ്ലൈകോ വഴിയാണ് സാധനങ്ങൾ എത്തിച്ചിരുന്നത്. എന്നാൽ ഇത്തവണ യാതൊരു സഹായവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
പഞ്ചായത്തിലെ കുഴിക്കാല കോളനി, കാറ്റടി, മംഗലശ്ശേരി ചിറ, ചെമ്പടിച്ചിറ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം താഴ്ന്നിട്ടില്ല. അംഗപരിമിതരും കുട്ടികളുമടക്കം കഴിയുന്ന വീടുകളിലാണ് താത്കാലിക സംവിധാനങ്ങൾ ഒരുക്കി വീട്ടമ്മമാർ പാചകം ചെയ്യുന്നത്.
കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നിന്ന് ഏതാനും ജനപ്രതിനിധികൾ വാക്കൗട്ട് നടത്തിയിരുന്നു. അധികൃതർക്കിടയിലെ വിഭാഗീയത മൂലം കഷ്ടപ്പെടുന്നത് പാവം ജനങ്ങളാണ്
പ്രദേശവാസികൾ, രാമങ്കരി പഞ്ചായത്ത്