 
മാന്നാറിനു പ്രതീക്ഷയേകി പാലം നിർമ്മാണം
മാന്നാർ: പരുമലയിൽ നിന്നു വളഞ്ഞവട്ടത്തേക്ക് അച്ചൻകോവിലാറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന ഉപദേശിക്കടവ് പാലം മാന്നാറിന്റെ വികസന പ്രതീക്ഷകൾക്ക് ആവേശമേകുന്നു. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷമാണ് കടപ്ര പഞ്ചായത്തിന്റെ ഇരുകരകളിലേക്കും എളുപ്പം എത്താൻ കഴിയുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
23.73 കോടി രൂപയുടെ പദ്ധതിക്ക് 2020 സെപ്തംബർ 17 നാണ് ശിലാസ്ഥാപനം നടത്തിയത്. പാലത്തിൽനിന്ന് വളഞ്ഞവട്ടം ഭാഗത്തേക്ക് മൂന്ന് ലാൻഡ് സ്പാനുകളിൽ 50 മീറ്ററും പരുമല ഭാഗത്തേക്ക് ഏഴ് ലാൻഡ് സ്പാനുകളിൽ 2.1 കിലോമീറ്ററിലുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ രൂപകല്പന. 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. മാത്യു കോര ആൻഡ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷമായിരുന്നു കരാർ കാലാവധി. മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചതിനാൽ കാലാവധി നീട്ടിനൽകിയേക്കും.
ഉപദേശിക്കടവ് പാലം പൂർത്തിയാകുന്നതോടൊപ്പം മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലംകൂടി യാഥാർത്ഥ്യമായാൽ കായംകുളം- തിരുവല്ല സംസ്ഥാന പാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ക്ക് തിരക്കിൽപ്പടാതിരിക്കാനുള്ള സമാന്തര പാതയായി ഇതുപകരിക്കും. പരുമല-മാന്നാർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കോട്ടയ്ക്കൽകടവ് ആംബുലൻസ് പാലത്തിനുപകരമായി ഇവിടെ വലിയപാലം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെതുടർന്ന് സജിചെറിയാൻ എം.എൽ.എ രണ്ട് വർഷംമുമ്പ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. വലിയപാലത്തിനുള്ള ഭരണാനുമതി ലഭിക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ദേവസ്വംബോർഡ് 20 സെന്റ് സ്ഥലം വിട്ടുനൽകുവാൻ ധാരണയായതോടെ ഇവിടെയും പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ നടപടിക്രമങ്ങളായി.
ഉപകാരിയാവും ഉപദേശിക്കടവ്
തിരുവല്ല, നിരണം, കടപ്ര, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിൽ നിന്നു പരുമലപള്ളി, പനയന്നാര്‍കാവ് ക്ഷേത്രം, പമ്പ കോളേജ്, പരുമല സെമിനാരി സ്‌കൂൾ, സിന്‍ഡസ്മോസ് പബ്ളിക് സ്കൂള്‍, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയം, പരുമല സെന്റ്ഗ്രിഗോറിയസ് മെഡിക്കല്‍മിഷന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് തിരക്കില്‍പ്പെടാതെ വേഗമെത്താൻ ഉപദേശിക്കടവ് പാലം ഉപകരിക്കും.
പരുമല ഉപദേശിക്കടവ്, കുരട്ടിക്കാട് കോട്ടയ്ക്കൽകടവ് പാലങ്ങൾ പൂർത്തിയാകുന്നതോടെ വളരെ നാളുകളായുള്ള മാന്നാറിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. മാന്നാറിന്റെ ബൈപാസ് റോഡെന്ന ആവശ്യത്തിന് പരിഹാരവുമാവും
ടി.എസ്. ഷഫീക്, എം.ഡി മാന്നാർ മെത്തക്കട
നാടിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്നതിന് ഇരുപാലങ്ങളും എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം. ഇതുവഴി കായംകുളം-തിരുവല്ല സമാന്തരപാത തുറക്കുന്നതോടെ മാന്നാറിന്റെയും പരുമലയുടെയും കിഴക്കൻ പ്രദേശങ്ങളുടെ പുരോഗതിയും സാദ്ധ്യമാകും.
അഭിലാഷ് ഉണ്ണിത്താൻ, പ്രവാസി