 
ചേർത്തല:കഞ്ചാവുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന എറണാകുളം സ്വദേശികളായ രണ്ടു യുവാക്കളെ ചേർത്തല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എറണാകുളം കണയന്നൂർ പത്താം മൈലിൽ ഉദയമ്പേരൂർ ചിറ്റേഴത്തു വീട്ടിൽ അനന്തു (23), മുളത്തുരുത്തി കുമ്പളം മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23) എന്നിവരാണ് പിടിയിലായത്.
ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിൽ ചേർത്തല എക്സ്റേ കവലയിൽ നടത്തിയ വാഹന പരിശോധനയിലാണ് 2.1 കിലോ കഞ്ചാവും ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറും പിടിച്ചെടുത്തത്. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസുമായി ചേർന്നായിരുന്നു പരിശോധന. പ്രതികളിൽ നിബിൻ പീറ്റർ പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ, 21 വയസുള്ളയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പരിശോധനയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എൻ.ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി.ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർ ബിയാസ്, ഇന്റലിജൻസ് വിഭാഗം ഓഫീസർ റോയ് ജേക്കബ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.