road-thakarnnath
പരുമല പാലത്തിൻ്റെ അപ്രോച്ച് റോഡ് തകർന്നപ്പോൾ

മാന്നാർ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ട് പമ്പാനദിലുള്ള മാന്നാർ- പരുമല റോഡിൻ്റെ അപ്രോച്ച് റോഡ്‌ തകർന്നത് അപകടഭീതി​യായി​. ഇന്നലെ വൈകി​ട്ട് മൂന്നോടെയായിരുന്നു പാലത്തിന്റെ കിഴക്കേകരയിൽ വടക്കുഭാഗത്ത് റോഡ് ഇടിഞ്ഞ് താണത്. മാന്നാറിൽ നിന്നു ചെങ്ങന്നൂരിലേക്ക് നിരവധിയാത്രക്കാരുമായി സ്വകാര്യ ബസ് കടന്നു പോയ ഉടനെയായിരുന്നു സംഭവം.

പാലവും റോഡും ചേരുന്ന ഭാഗം അഞ്ചടിയോളം താഴ്ചയുള്ള വലിയ ഗർത്തമായി മാറുകയായിരുന്നു. റോഡ് തകർന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ നാടു മുഴുവൻ ഭീതിയിലായി. നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും കടന്നു പോകുന്ന പാലത്തിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. മാന്നാർ, പുളിക്കീഴ് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസ് റോഡിന്റെ ഒരു വശത്തുകൂടി മാത്രം വാഹനങ്ങൾ കടത്തിവിട്ട് നിയന്ത്രണം ഏർപ്പെടുത്തി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. അടിയിൽ നിന്നു മണ്ണ് ഒലിച്ചുപോയതാണ് റോഡ് ഇടിഞ്ഞുതാഴാൻ കാരണയത്.

മെറ്റിലും മണലും ഇട്ട് ജെ.സി.ബി ഉപയോഗിച്ച് താത്കാലികമായി ഗർത്തം മൂടിയെങ്കിലും വാഹനങ്ങൾ വീഴാതി​രി​ക്കാൻ വീപ്പകൾ വച്ചിരിക്കുകയാണ്. തൊട്ടടുത്ത ദിവസം തന്നെ പണി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.