 
അമ്പലപ്പുഴ: വീട്ടിൽ നിന്നു മൂന്നു ദിവസം മുമ്പ് കാണാതായ കാക്കാഴം സ്വദേശിനിയുടെ മൃതദേഹം കാക്കാഴം തീരത്ത് കടൽഭിത്തിക്കടിയിൽ കണ്ടെത്തി. കാക്കാഴം പുതുവൽ (അനന്തഭവനത്തിൽ) അനന്തകുമാറിന്റെ ഭാര്യയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുമായ സ്വപ്നയുടെ (മോളമ്മ- 45) മൃതദേഹമാണ് കടൽക്ഷോഭം തടയാനായി തീരത്ത് നിരത്തിയ ട്രെട്രാപോഡിനിടയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 6 ഓടെ മത്സ്യത്തൊഴിലാളികളാണ് ടെട്രാപോഡിനിടയിൽ കൈ പുറത്തേക്ക് കിടക്കുന്നതു കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മോതിരം കണ്ടാണ് സ്വപ്നയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞത്. പിന്നീട് ക്രെയിനും, ജെ.സി.ബിയും ഉപയോഗിച്ച് ടെട്രാപോഡിനിടയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 ഓടെയാണ് സ്വപ്നയെ കാണാതായത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിരുന്നു. മകൾ ഗോപികയുടെ വിവാഹം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നതായി ഭർത്താവ് അനന്തൻ പൊലീസിന് മൊഴി നൽകി. കടലിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നും മൃതദേഹം തിരമാലകളിൽപ്പെട്ട് തീരത്ത് അടിഞ്ഞതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകൾ: ഗോപിക. മകൻ: ഹരികൃഷ്ണൻ