 
തിരുവനന്തപുരം: കർഷകർ വലിയതോതിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു ഉത്പ്പന്നങ്ങൾക്ക് അദ്ധ്വാനത്തിനൊത്ത യഥാർത്ഥ മൂല്യം ലഭിക്കുന്നില്ലെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തിരുവനന്തപുരം പാളയത്ത് പുതിയ കാർഷിക വിപണന സംസ്‌കാരവുമായി ആരംഭിക്കുന്ന ഫാം ഫെയ്സ് ഇ മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക വിളകൾക്ക് 15 കൊല്ലം മുൻപ് ഉണ്ടായിരുന്നതിൽ നിന്നു അഞ്ചു രൂപയുടെ വ്യത്യാസം മാത്രമാണ് ഇപ്പോഴും കർഷകന് ലഭിക്കുന്നത്. ഇതിന്റെ ലാഭവും നേട്ടവും ഇടനിലക്കാരും മറ്റുള്ളവരുമാണ് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ ഫാം ഫെയ്സ് ലഷ്യമിടുന്ന വിപണന സംസ്‌കാരം അഭിനന്ദനാർഹമാണ്. കർഷകരിൽ നിന്നു നേരിട്ട് ഉത്പന്നം സ്വീകരിച്ചു നേരിട്ട് ഉപഭോക്താവിലേക്കു എത്തിച്ച് അവർക്ക് വിപണന സാദ്ധ്യത ഉണ്ടാക്കുയെന്നത് കർഷകർക്ക് ആശ്വാസം പകരുമെന്നും മികച്ച വില കർഷകന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഫാം ഫേസ് ഫ്രാഞ്ചൈസികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേരളത്തിലെ എട്ടാമത്തെ ഇ മാർട്ടാണ് പാളയത്ത് ആരംഭിച്ചത്. ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഇരുപതോളം ഇ മാർട്ടുകളും പുതിയ വിപണന സംസ്‌കാരവുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം ഫ്രാഞ്ചൈസികളും തുറക്കുമെന്ന് ഫാം ഫെയ്സ് ചെയർമാൻ സിജു സാം പറഞ്ഞു. പാളയം വാർഡ് കൗൺസിലർ രാജൻ ആദ്യ വിൽപ്പന നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഫാം ഫെയ്സ് ഇ മാർട്ട് ഉടമ സുരേഷ്, ഫ്രാഞ്ചൈസി മാനേജർ ലബീബ് കരിപ്പാക്കുളം, ഇ മാർട്ട് ഡിവിഷൻ മാനേജർ അരുൺ രവി എന്നിവർ പങ്കെടുത്തു.