 
കുട്ടനാട്: എ- സി റോഡിലെ രാമങ്കരി ജംഗ്ക്ഷനിൽ അപകട കെണിയൊരുക്കി ഓട നിർമ്മാണം. നിലവിലെ ഓടയ്ക്കൊപ്പം അശാസ്ത്രിയമായി ലക്ഷങ്ങൾ ചെലവിട്ട് പുതിയ ഓട നിർമ്മാണമാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്. മഴക്കാലത്ത് പ്രദേശത്തെ വെള്ളമാകെ ഒഴുകി പോകാൻ പാകത്തിൽ പി.ഡബ്ലൂ.ഡി വക സ്ഥലത്തോട് ചേർന്നു ആയിരം മീറ്ററിലധികം ദൂരത്തിൽ നിലനിൽക്കുന്ന പഴയ ഓടയിൽ നിന്നും, ഒരു മീറ്ററോളം പുറത്തേയ്ക്ക് തള്ളി വളരെ തിരക്കനുഭവപ്പെടുന്ന ജംഗ്ക്ഷന്റെ ഒരു ഭാഗം കൂടി കവർന്നെടുത്തുകൊണ്ടാണ് പുതിയ ഓടയുടെ നിർമ്മാണം. പുതിയ ഓട നിർമ്മാണത്തോടെ റോഡിന്റെ വീതി കുറഞ്ഞത് എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങളുടെ കടന്നുപോകുന്നതിന് പ്രയാസമാണ്. കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസിനെ ഓട നിർമ്മാണം ബാധിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുവഴിയുള്ള യാത്രയിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്ര് കോടതി,
ഗവ.ആയുർവേദാശുപത്രി, മിൽമ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ വിടെ പ്രവർത്തിക്കുന്നുണ്ട്. വെളിയനാട്, വേഴപ്ര മിത്രക്കരി, കൊടുപ്പുന്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകളാണ് ചങ്ങനാശേരിയിലേക്കും ആലപ്പുഴയിലേക്കും മറ്റും പോകുവാനായി നിത്യവും ഇവിടെ എത്തിച്ചേരുന്നത്. ഇവർക്ക് ബസ് കയറുവാൻ നിൽക്കാനുള്ള സൗകര്യം ഓടനിർമ്മാണത്തോടെ ഇല്ലാതായെന്നാണ് ആരോപണം. കണ്ണൊന്ന് തെറ്റിയാൽ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്.
........
'' ഇവിടെ ഒരു ഘട്ടത്തിൽ ബസ് വേ ഉണ്ടായിരുന്നതാണ്. ഇവിടെ ഇപ്പോൾ രണ്ടുവാഹനങ്ങൾക്ക് ഒരേ പോലെ കടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയായി. നിലവിലെ റോഡിന്റെ വീതി വൻതോതിൽ കുറച്ചുകൊണ്ട് നടത്തുന്ന ഓട നിർമ്മാണം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധിക്കും.
(ജോസി തേവേരി, കോൺഗ്രസ് ഐ സേവാദൾ രാമങ്കരി മണ്ഡലം പ്രസിഡന്റ്)
''ഒരു സ്ഥലത്ത് രണ്ട് ഓട കേട്ടുകേൾവി മാത്രമാണ്. പഴയ ഓട നിലനിർത്തിക്കൊണ്ട് തീർത്തും അശാസ്ത്രീയമായ പുതിയ ഓട നിർമ്മാണം ജംഗ്ക്ഷനിൽ ദുർഗന്ധം പുകയുന്നതിന് കാരണമാകും. മാത്രമല്ല വെള്ളപ്പൊക്ക സമയത്ത് ഈ ഓടകൾ കവിഞ്ഞൊഴുകി റോഡിനേക്കാൾ താഴ്ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുടുംബങ്ങളിലേക്ക് മലിന ജലം ഒഴുകിയെത്തും.
(പ്രഭാസുതൻ തുണ്ടിയിൽ, പ്രദേശവാസി)