 
ആലപ്പുഴ: അത്തപ്പൂക്കളമൊരുക്കാൻ തമിഴ്നാടൻ പൂക്കളെ ഇക്കുറി ആശ്രയിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. നാടാകെ പൂക്കളങ്ങൾ തീർക്കാനുള്ള പൂ കൃഷി ചേർത്തല കഞ്ഞിക്കുഴിയിൽ മുന്നേറുകയാണ്.
ബന്ദി, ജമന്തി, വാടാമല്ലി എന്നീ സ്ഥിരം ഇനങ്ങൾക്ക് പുറമേ തുമ്പപ്പൂവ് കൃഷിയും ആരംഭിച്ചു. അന്യം നിന്നുകൊണ്ടിരിക്കുന്ന തുമ്പയെ തിരിച്ചു കൊണ്ടുവരണമെന്ന ചിന്തയാണ് ജൈവകർഷകൻ വി.പി. സുനിലിനെ തുമ്പ കൃഷിയിലേക്ക് ആകർഷിച്ചത്. കഞ്ഞിക്കുഴി ഒന്നാം വാർഡിൽ മായിത്തറയിലാണ് പരീക്ഷണടിസ്ഥാനത്തിൽ 200 ചുവട് തുമ്പ നട്ടത്. പൂക്കളം ഒരുക്കുന്നവർക്ക് വേണ്ടി മൂന്ന് കളർ പൂക്കളുടെയും അഞ്ച് കളർ പൂക്കളുടെയും കിറ്റുകൾ വില്പനയ്ക്ക് തയ്യാറാക്കാനാണ് സുനിൽ പദ്ധതിയിടുന്നത്. പൂ കൃഷിയോടെപ്പം പച്ചക്കറി കൃഷിയും മുന്നേറുന്നു.