ഹരിപ്പാട് : തൊഴിൽദിനങ്ങൾ വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി പള്ളിപ്പാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ് ഉദ്ഘാടനം ചെയ്തു. തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക, ആയുധ വാടക പുനഃസ്ഥാപിക്കുക, വേതനം 700 രൂപയാക്കുക, തൊഴിൽദിനങ്ങൾ 200 ആയി ഉയർത്തുക, ഇ.എസ്. ഐ ആനുകൂല്യങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് യു. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എ.ഗഫൂർ, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം ഗോപി ആലപ്പാട്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനീഷ്. എസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, ബീനാമോൾ, രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര ഗവ.തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും തൊഴിലാളികൾ നിവേദനം നൽകി.