
ചാരുംമൂട് : ചാരുംമൂട് പ്രദേശത്ത് ജനങ്ങളുടെ സ്വര്യജീവിതത്തിന് ഭീഷണിയായി തെരുവ് നായ്ക്കൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ താമരക്കുളം കോട്ടക്കാട്ടുശ്ശേരി പ്രദേശത്ത് കഴിഞ്ഞ 4 ദിവസങ്ങളിൽ എട്ടോളം വളർത്തു മൃഗങ്ങളാണ് ഇരയായത്. പ്രദേശത്ത് ഉണ്ടാവുന്ന വാഹനാപകടങ്ങൾക്ക് പകുതിയും കാരണക്കാർ തെരുവുനായ്ക്കളാണെന്നാണ് നാട്ടുകാരുടെ ആരോപണം. കെ.പി റോഡിലെ ബൈക്ക് യാത്രികരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ഈ പ്രദേശത്തെ നായ്ക്കൾ. കഴിഞ്ഞ ദിവസം ചാരുംമൂട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ എസ്. അനിൽ രാജിന് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഗ്രാമപ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ്കൂട്ടങ്ങൾ ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കും ഭീക്ഷണി ഉയർത്തുന്നുണ്ട്. നൂറനാട് പഞ്ചായത്തിലെ പടനിലം പരബ്രഹ്മ ക്ഷേത്ര പരിസരവും നായ്ക്കളുടെ പിടിയിലാണിപ്പോൾ. നായ് കൂട്ടം ജനത്തെ വല്ലതെ ഭയപ്പാടിലാക്കുന്നതിനാൽ പ്രായമേറിയ അമ്മമാരും കുട്ടികളും ക്ഷേത്രത്തിൽ വരാൻ മടിക്കുകയാണ്. നായ്ക്കളെ ഭയന്ന് പ്രഭാത സവാരിക്ക് ഇറങ്ങുന്നവരിൽ പലരും വ്യായാമം നിറുത്തി. അതിരാവിലെ ട്യൂഷനു വേണ്ടി കാൽനടയായും സൈക്കിളിലും ഇറങ്ങുന്ന വിദ്യാർത്ഥികളും ഭയപ്പാടിലാണ്.
...............
# ഭയന്ന് വളർത്തുമൃഗങ്ങൾ
താമരക്കുളത്ത് രാത്രിയിൽ നായ്ക്കൾകൂട്ടമായി വന്ന് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാകുകയാണ്. .തിങ്കളാഴ്ച രാത്രി കൊട്ടയ്ക്കാട്ട്ശ്ശേരി ബാസിം മൻസിലിൽ ബദറുദ്ദീന്റെ ഫാമിൽ കയറിയ നായ്ക്കൾ പശുക്കളെ ആക്രമിക്കുകയും ഒരു പശുവിനെ മൂക്ക് കടിച്ച് എടുക്കുകയും ചെയ്തു. തൊട്ടടുത്തദിവസം അയൽവാസിയായ മണിയമ്മയുടെ വീട്ടിലെ ആടിനെ ആക്രമിച്ചു. ആടിന്റെ വാൽ കടിച്ച് മുറിച്ചു കൊണ്ട് പോയി. ഇന്നലെ കൊട്ടയ്ക്കാട്ട്ശേരി ബിജു ഭവനത്തിൽ ബിജുവിന്റെ ആടിനെയും ആക്രമിച്ചു.
--------------------
'' അക്രമകാരികളായ നായകൂട്ടങ്ങളെ പിടികൂടാൻ അടിയന്തര നടപടി വേണം. ക്രമാതീതമായി നായ്ക്കൾ പെരുകുന്നതും ഭക്ഷണലഭ്യത കുറവുമാണ് നായ്ക്കളെ അക്രമികളായി മാറ്റുന്നത്. അക്രമകാരികളായ നായ്ക്കളെ പിടിച്ചു കൊണ്ടുപോകാനും, മറ്റുള്ളവയെ വന്ധ്യംകരിക്കാനും വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.
പി.പ്രതാപൻ,റിട്ട. എസ് ഐ,കൊട്ടയ്ക്കാട്ട്ശ്ശേരി നിവാസി
---------
''പ്രതിരോധ മരുന്നുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ലഭ്യമാക്കണം. മരുന്നുള്ള ആശുപത്രികൾ അമിതമായ പണം ഈടാക്കുന്നതായും ആക്ഷേപമുണ്ട്. വരുമാനമില്ലാത്തവർ നായ്ക്കളുടെ കടിയേറ്റാൽ ആശുപത്രികളിൽ പോകുന്നതുപോലും ഒഴിവക്കാറാണ് പതിവ് . പ്രതിരോധ മരുന്നുകൾ അതാത് ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാക്കണം.
സോമൻ ഉപാസന
കെ.വി.വി.ഇ.എസ്,
പറയംകുളം യൂണിറ്റ് പ്രസിഡന്റ്