thanmatikkulam
കാടുപിടിച്ച് കിടക്കുന്ന മാന്നാർ കുരട്ടിക്കാട് തന്മടിക്കുളത്തിന്റെ പരിസരം

മാന്നാർ: കുരട്ടിക്കാട് ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിനു സമീപമുള്ള തന്മടിക്കുളത്തിന്റെ പരിസരം കാടുകയറി നാശത്തിന്റെ വക്കിൽ. കുളം തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയതോടെ ഇതുവഴി പേടിയോടെയാണ് നാട്ടുകാരുടെ സഞ്ചാരം. മാന്നാർ ടൗണിൽ നിന്നും കുരട്ടിക്കാട് ഭാഗത്തേക്ക് പോകുന്ന പ്രധാനറോഡിനോട് ചേർന്നുള്ള തന്മടിക്കുളം ദൂരെനിന്നും കാണാൻ കഴിയാത്തവിധം കാടുവളർന്നു നിൽക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് കുളത്തിലിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ മാന്നാർ പൊലീസ് പിടികൂടിയത് ഇവിടെനിന്നുമായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള മേജർതൃക്കുരട്ടി മഹാദേവർക്ഷേത്രത്തിനു തൊട്ടു കിഴക്കുവശത്തായി കുരട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനോടനുബന്ധിച്ചാണ് ചരിത്രപ്രാധാന്യമുള്ള നാലേക്കർ വിസ്തൃതിയിൽ തെളിനീരുറവയുള്ള വിശാലമായ തന്മടിക്കുളം. വേണ്ട പരിരക്ഷയില്ലാതെ വശങ്ങൾ ഇടിഞ്ഞ് നികന്ന് വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന തന്മടിക്കുളം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനത്തിയപ്പോൾ, മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെ തുടർന്ന് 2014 -15 ലെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി അരക്കോടിയിലധികം മുടക്കിയാണ് പഴയപ്രതാപത്തിലേക്ക് പുനർജനിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2018 -19 ൽ മാന്നാർ ഗ്രാമപഞ്ചായത്ത് 362114 രൂപ വിനിയോഗിച്ച് കയർ ഭൂവസ്ത്രവും വിരിച്ചിരുന്നു. ഇതെല്ലാം വെറുതെ ആവുന്ന അവസ്ഥയാണിപ്പോൾ. കുളത്തിന്റെ വശങ്ങളിൽ കാടുകയറിയതോടെ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് കുളവും പരിസരവും. കാട് വെട്ടിത്തെളിച്ച് ഭയപ്പാടില്ലാതെ ഇതുവഴി സഞ്ചരിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

........

തെരുവ്‌നായ്ക്കൾ കൂട്ടത്തോടെ കഴിയുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. കാൽനടയാത്രക്കാരും വിദ്യാർത്ഥികളും പേടിയോടെയാണ് കുളത്തിനു സമീപത്ത് കൂടി സഞ്ചരിക്കുന്നത്. കാടുവെട്ടിത്തെളിച്ച് തന്മടിക്കുളത്തിന്റെ മനോഹാരിത തിരികെക്കൊണ്ടുവരണം
(ഹാറൂൺ മജീദ്, പുളിക്കൽആലുംമൂട്ടിൽ, പ്രദേശവാസി)

വളരെ ചരിത്രപ്രാധാന്യമുള്ള തന്മടിക്കുളം പി.സി വിഷ്ണുനാഥ് എം.എൽ.എ യുടെ ശ്രമഫലമായി 65 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് പുനരുജ്ജീവിപ്പിച്ചത്. വീണ്ടും നാശത്തിന്റെ വക്കിലേക്ക് പോകാൻ അനുവദിക്കരുത്. കാട് വെട്ടിത്തെളിച്ച് തന്മടിക്കുളത്തിന്റെപവിത്രത നിലനിർത്തുവാനുള്ള ശ്രമമാണ് വേണ്ടത്.
(രാകേഷ് ടി.ആർ, യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്)