ചേർത്തല : പ്രസിദ്ധ മരിയൻ തീർത്ഥടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന് 15 ന് തുടക്കമാകും. പള്ളിസ്ഥാപിതമായിട്ട് ആയിരം വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി ഫാ.ഡോ. ആന്റോ ചേരാംതുരുത്തി,സഹ വികാരിമാരായ ഫാ. ലിജോയി വടക്കുംഞ്ചേരി,ഫാ. അജു മുതുകാട്ടിൽ, ജനറൽ കൺവീനർ വി.കെ.ജോർജ് ,കൈക്കാരൻമാരായ സി.ഇ. അഗസ്റ്റിൻ, അഡ്വ. ജാക്സൺ മാത്യു , പാരീഷ് ഫാമിലി യുണിയൻ വൈസ് ചെയർമാൻ ഷാജു ജോസഫ് എന്നിവർ പറഞ്ഞു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി 14 ദീപശിഖാ , പതാക പ്രയാണങ്ങൾക്ക് വരവേൽപ്പ് നൽകും. കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ നിന്ന് ദീപശിഖയും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ നിന്ന് തോമ ശ്ലീഹയുടെ ഛായ ചിത്രവും,പറവുർ കോട്ടക്കാവ് പള്ളിയിൽ നിന്ന് പതാകയും,പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് മാതാവിന്റെ ഛായ ചിത്രവും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം എത്തിക്കും. വൈകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം 6.30 ന് വടക്കേ അങ്ങാടി കവലയിൽ വൈദികരും, കന്യാസ്ത്രീകളും ഇടവക സമുഹവും ചേർന്ന് ദീപശിഖ പതാക ജാഥകളെ സ്വീകരിച്ച് ദേവാലത്തിലേക്ക് ആനയിക്കും. തുടർന്ന് പാസിംഗ് ദ ലൈറ്റ് സെറിമണി,എറണാകുളം അങ്കമാലി അതിരൂപതാ രേഖാലയം ഡയറക്ടർ ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പള്ളി സന്ദേശം നൽകും.വൈസ് ചെയർമാൻ ഷാജു ജോസഫ് സ്വാഗതവും പാരീഷ് ഫാമിലി യുണിയൻ ജനറൽ സെക്രട്ടറി മനോജ് ജോസഫ് നന്ദിയും പറയും. 15 ന് രാവിലെ 9.30 ന് ജൂബിലി തിരി തെളിക്കൽ.ആഘോഷമായ വിശുദ്ധ കുർബാന.കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോസ് ഇടശേരി സന്ദേശം നൽകും. 10.45 ന് ജൂബിലി പതാക ഉയർത്തൽ. 11 ന് പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം കോതമംഗലം രൂപത വികാരി ജനറാൾ ഫാ.ഡോ. പയസ് മലേക്കണ്ടം ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ വി.കെ.ജോർജ് അദ്ധ്യക്ഷത വഹികും.ഫാ.ഡോ .ആന്റോ ചേരാം തുരുത്തി ആമുഖ പ്രഭാഷണം നടത്തും. അഡ്വ . ജാക്സൺ മാത്യു സ്വാഗതവും, സി. ഇ അഗസ്റ്റിൻ നന്ദിയും പറയും തുടർന്ന് ജൂബിലി സ്മാരക മന്ദിര ശിലാസ്ഥാപനം.