.

ആലപ്പുഴ: ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണൽ വിധി പ്രകാരം തദ്ദേശ സ്ഥാപന, പൊതുമരാമത്ത് ഉത്തരവനുസരിച്ച് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് പുതുക്കിയ ഡിമാൻഡ് നോട്ടീസ് നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.

കരാർ നി​ലവി​ലുണ്ടായി​രുന്നപ്പോൾ, സേവന നികുതിയാണ് കമ്പനിയിൽ നിന്നു ഈടാക്കിയിരുന്നത്. നിയമാനുസൃതമുള്ള ജി.എസ്.ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ ഡിമാൻഡ് നോട്ടീസ്. 2016ലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ, മുനിസിപ്പൽ എൻജിനീയർ, കൗൺസിൽ അംഗങ്ങൾ എന്നിവരടങ്ങുന്ന കമ്മി​റ്റി സ്ഥല പരിശോധന നടത്തിയപ്പോൾ 34.51 കിലോമീറ്റർ ടാർ റോഡ് വെട്ടി​മുറി​ച്ചതായി​ കണ്ടെത്തി​യി​രുന്നു. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഇത് അംഗീകരിക്കുകയും ചെയ്തു. പി.ഡബ്ലിയു.ഡി അംഗീകരിച്ച നിരക്ക് പ്രകാരമാണ് പുതുക്കിയ ഡിമാൻഡ് നോട്ടീസ് നൽകാൻ കൗൺസിൽ തീരുമാനിച്ചത്.

ആലിശേരിയിൽ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ കൊങ്ങിണി ചുടുകാടിനു സമീപമുള്ള സ്ഥലത്ത് സദ്ഭാവന മണ്ഡപം നിർമ്മിക്കും. വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച അപേക്ഷ പ്രകാരം സ്മാർട്ട് ക്ലാസ് റൂമുകൾ, അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിട നിർമ്മാണം, നവീകരണം എന്നി​വ മാനദണ്ഡങ്ങൾ പാലിച്ച്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അന്തിമ ലിസ്റ്റ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കൗൺസിൽ അംഗീകാരം നൽകി. യോഗത്തി​ൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.ആർ. പ്രേം, അഡ്വ.റീഗോരാജു, ബീനരമേശ്, പി .രതീഷ്, അരവിന്ദാക്ഷൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, മെഹബൂബ്, ബി. അജേഷ്, കെ.കെ. ജയമ്മ, എൽജിൻ റിച്ചാഡ്, ബി. നസീർ, ആർ. രമേശ്, മുനിസിപ്പൽ സെക്രട്ടറി ബി. നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു നാലപ്പാട്, ഹെൽത്ത് ഓഫീസർ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

ശമ്പളം പരി​ഷ്കരി​ക്കും

കണ്ടിൻജന്റ് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കും. എം.പി യുടെയും എം.എൽ.എയുടെയും ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കാളാത്ത് ജംഗ്ഷൻ, തിരുമല സീറോ ജെട്ടി, ഗുരുമന്ദിരം വാർഡ്, പുന്നമട ജെട്ടി കിഴക്കേക്കര, നെഹൃട്രോഫി ജെട്ടി എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകളുടെ തുടർ പരിപാലന ചെവുകൾ നഗരസഭ വഹിക്കാനും കൗൺസിൽ തീരുമാനിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി നെഹ്രുട്രോഫി വാർഡിലെ അർബൻ പി.എച്ച്.സിക്ക് കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഭൂനിരപ്പിനേക്കാൾ ഉയരത്തിൽ നൂതന സാങ്കേതിക വിദ്യ പ്രകാരം കെട്ടി​ടം നി​ർമ്മി​ക്കാൻ പ്ലാനും എസ്റ്റിമേറ്റും നഗരസഭയുടെ നേതൃത്വത്തി​ൽ തയ്യാറാക്കും.