ആലപ്പുഴ : റിലയൻസിന് കേബിൾ സ്ഥാപിച്ച ഇനത്തിൽ നഗരസഭയിൽ അടയ്‌ക്കേണ്ട കോടി കണക്കിന് രൂപ ഇളവ് ചെയ്യുവാനുള്ള കൗൺസിൽ അജണ്ടയിൽ വിയോജനം രേഖപ്പെടുത്തി ,കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി. കേബിൾ സ്ഥാപിക്കുന്നതിന് ലഭിക്കേണ്ട കോടികണക്കിന് രൂപ ഒഴിവാക്കി നൽകുന്നത് ഭരണാധികാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ കമ്മിഷൻ ലഭിച്ചതുക്കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ആരോപിച്ചു. നഗരത്തിൽ 130 കിലോമീറ്ററോളം കേബിൾ സ്ഥാപിച്ചിട്ടുള്ള റിലയൻസിന് കേവലം 34 കിലോമീറ്റർ മാത്രം കേബിൾ സ്ഥാപിച്ചത്തിന്റെ പണമടച്ച് ഒത്തുതീർപ്പ് നടത്തുവാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. സാമ്പത്തിക ഞെരുക്കം പറഞ്ഞ് വികസന പ്രവർത്തനങ്ങൾ നടക്കാത്തിരിക്കുന്ന ഈ സന്ദർഭത്തിൽ, 29 കോടിയുടെ സ്ഥാനത്ത് 2 കോടി വാങ്ങി ബൂർഷ്യാ കമ്പനി എന്ന ആരോപണമുന്നയിച്ചവർ തന്നെ ഒത്തുതീർപ്പിന് നേതൃത്വം നൽകുന്നത് വിരോധാഭാസമാണ്.