
അമ്പലപ്പുഴ: മുന്നോട്ടെടുത്ത ലോറിക്കു പിന്നിലിടിച്ച മറ്റൊരു ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ തോട്ടപ്പള്ളി ദേവി ഭവനിൽ രഞ്ജിത്ത് (49), ഓട്ടോ യാത്രക്കാരായ കോമളപുരം സ്വദേശിനി ലക്ഷ്മി (17), പുന്നപ്ര സ്വദേശി അഖില (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കാക്കാഴം കായിപ്പള്ളി ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. പാതയോരത്ത് നിറുത്തിയിട്ടിരുന്ന ഐഷർ ലോറി പെട്ടന്ന് റോഡിലേക്ക് എടുത്തപ്പോൾ തൊട്ടു പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ പൂർണമായും തകർന്നു.