 
മാവേലിക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ ഡീസൽ പമ്പിന്റെ ടാങ്ക് സ്ഥാപിക്കാൻ കുഴിയെടുത്തതോടെ ബസുകൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് നിന്നു തിരിയാനും ഇടമില്ലാത്ത അവസ്ഥ. പാതി സ്ഥലം ടാങ്കിനുള്ള കുഴിയായി. ബാക്കിയുള്ള ഭാഗത്ത്, കുഴിയെടുത്ത സ്ഥലത്തെ മണ്ണും നിറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പാണ് സ്റ്റാൻഡിൽ സ്ഥാപിക്കുന്നത്. മഴ കനത്തപ്പോൾ മണ്ണും വെള്ളവും കൂടിക്കുഴഞ്ഞ് ബസ് സ്റ്റേഷൻ വളപ്പിലും റോഡിലും നിരന്നത് യാത്രക്കാർക്കു ബുദ്ധിമുട്ടായിരുന്നു. പരാതി കൂടിയതോടെ മണ്ണു കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തുകൂടി പുറത്തേക്കുള്ള വഴി അധികൃതർ പ്ലാസ്റ്റിക് കയർ കെട്ടിയടച്ചു. തുടർന്ന് ഒരേ വഴിയിലൂടെയാണ് ബസുകൾ കയറിയിറങ്ങുന്നത്. എം.എസ്.അരുൺകുമാർ എം.എൽ.എ വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് മണ്ണ് കരുനാഗപ്പള്ളി ഡിപ്പോയിലേക്കു മാറ്റാൻ തീരുമാനിച്ചു. എന്നാൽ, കൂലിച്ചെലവ് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തെത്തുടർന്ന് തീരുമാനം നടപ്പായില്ല. തുടർന്ന് മണ്ണ് മാവേലിക്കര നഗരസഭയ്ക്കു നൽകാൻ വകുപ്പുതലത്തിൽ ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയകാവ് ചന്തയ്ക്കു പിന്നിൽ മാലിന്യമിട്ട സ്ഥലം നികത്താനായി ഇവിടത്തെ മണ്ണെടുക്കാൻ നഗരസഭ തീരുമാനിച്ചു. ഡിപ്പോ മുതൽ പുതിയകാവു വരെ മണ്ണ് കൊണ്ടുപോകാൻ നഗരസഭ ജിയോളജി വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകി. ഒരു ലോഡ് മണ്ണിന് 250 രൂപ വീതം നഗരസഭ അടയ്ക്കണമെന്നതായിരുന്നു ജിയോളജി വകുപ്പിന്റെ മറുപടി. കെ.എസ്.ആർ.ടി.സി അധികൃതർ പിന്നീട് ബന്ധപ്പെട്ടപ്പോൾ മണ്ണു കൈമാറുകയാണെങ്കിൽ റോയൽറ്റി അടയ്ക്കണമെന്ന കാര്യം കെ.എസ്.ആർ.ടി.സിയെ മുൻകൂട്ടി അറിയിച്ചതാണെന്നും ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി.
# യാർഡ് നവീകരണം മുടങ്ങും
റോയൽറ്റി അടയ്ക്കണമെന്ന ജിയോളജി വകുപ്പിന്റെ നിലപാടുമൂലം മണ്ണുമാറ്റുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡിന്റെ നവീകരണം തടസപ്പെടും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്കും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തു നൽകിയിട്ടുണ്ട്. മണ്ണു നീക്കം ചെയ്യാൻ റോയൽറ്റി ഒഴിവാക്കാനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ
എം.എസ്. അരുൺകുമാർ എം.എൽ.എ
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരം സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് വികസന സമിതി യോഗത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്
ജി.കോശി തുണ്ടുപറമ്പിൽ