ambala
നിറുത്തിയിട്ടിരുന്ന ലോറിയുടെ മുകളിലേക്ക് എസ്കവേറ്റർ മറിഞ്ഞ നിലയിൽ

അമ്പലപ്പുഴ: കെട്ടിടം പൊളിക്കാൻ കൊണ്ടുവന്ന എസ്കവേറ്റർ ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പുന്നപ്ര കിഴക്ക് 610-ാം നമ്പർ ശാഖ വക ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കാൻ കൊണ്ടുവന്ന കൂറ്റൻ എസ്കവേറ്ററാണ് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

കെട്ടിടം പൊളിച്ചശേഷം എസ്കവേറ്റർ ലോറിയിൽ കയറ്റുന്നതിനിടെ തെന്നി സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറിയുന്നതുകണ്ട് ലോറി ഡ്രൈവർ വണ്ടി​യി​ൽ നി​ന്ന് ഇറങ്ങി​യോടി​. എസ്കവേറ്റർ ഡ്രൈവറും ചാടി രക്ഷപ്പെട്ടു. ലോറിയുടെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു. എസ്കവേറ്ററിന്റെ മുൻഭാഗം ദേശീയപാതയി​ലേക്ക് വീണെങ്കി​ലും ഈ സമയം മറ്റ് വാഹനങ്ങളോ യാത്രക്കാരോ റോഡി​ൽ ഇല്ലാതി​രുന്നതി​നാൽ വൻ അപകടം ഒഴി​വായി​. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉപകരാർ എടുത്തിട്ടുള്ള കരുനാഗപ്പള്ളി സ്വദേശിയുടെതായിരുന്നു എസ്കവേറ്റർ. പുറക്കാട്ടെ കുടിവെള്ള സംഭരണി പൊളിക്കുന്നതി​ന് കൊണ്ടുപോകാനായി ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു അപകടം.