ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 15ന് രാവിലെ ഒൻപതിന് ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പൊലീസ്, ഏക്‌സൈസ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, സ്‌കൂൾ ബാൻഡ് എന്നിവയുടേത് ഉൾപ്പെടെ 18 കണ്ടിജെന്റുകൾ പരേഡിൽ അണിനിരക്കും. ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാറാണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകൾക്ക് മന്ത്രി ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കാം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ഡ്രസ് റിഹേഴ്‌സൽ ഇന്ന് രാവിലെ എട്ടിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്നും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു.