ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ 'മാലിന്യത്തിൽ നിന്നു സ്വാതന്ത്ര്യം' എന്ന പേരിൽ ശുചിത്വ കാമ്പയിൻ നടത്തും. നഗരത്തിലെ അരലക്ഷം വീടുകളിൽ കെട്ടിക്കിടക്കുന്നതും ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളതുമായ റിജക്ടഡ് വേസ്റ്റ് നഗരസഭ സ്വീകരിക്കും
ഉപയോഗ ശൂന്യമായ ചെരുപ്പ്, ബാഗ്, മറ്റ് ലെതർ ഉത്പന്നങ്ങൾ, ബൾബ്, ട്യൂബ് എന്നിവയൊഴികെ ഇലക്ട്രോണിക് വേസ്റ്റും സ്വീകരിക്കും. 52 വാർഡുകൾക്കുമായി തയ്യാറാക്കിയ 6 കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായി ജനങ്ങൾക്ക് റിജക്ടഡ് വേസ്റ്റുകൾ എത്തിക്കാം. സംഭരിക്കുന്ന മാലിന്യങ്ങൾ 15ന് പൂർണമായും നീക്കം ചെയ്യും. 52 വാർഡുകളിലും പൊതുസ്ഥലങ്ങൾ ശുചീകരിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ രാവിലെ 7ന് പതാക ഉയർത്തും. മികച്ച ശുചീകരണ പ്രവർത്തനം നടത്തിയ കൗൺസിലർക്കും വാർഡിനും പ്രത്യേക പുരസ്‌കാരമുണ്ടാവും. 15ന് രാവിലെ 8ന് നഗരസഭയിൽ ദേശീയ പതാക ഉയർത്തി മാലിന്യത്തിൽ നിന്നു സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തോടെ കാമ്പയിൻ പൂർത്തിയാവും.
റിജക്ടഡ് മാലിന്യ ശേഖരണ കേന്ദ്രങ്ങൾ
# ആലിശേരി വാട്ടർ കിയോസ്‌ക് ഗ്രൗണ്ട്
# ബീച്ച് ഇന്ത്യൻ കോഫിഹൗസ് കോമ്പൗണ്ട്
# വഴിച്ചേരി സ്ലോട്ടർ ഹൗസ്
# കാപ്പിൽ മുക്കിനു വടക്കുവശം സ്വകാര്യ ഗ്രൗണ്ട്
# വാടക്കനാൽ എയ്‌റോബിക് ഗ്രൗണ്ട്
# വലിയ ചുടുകാട് വാട്ടർ കിയോസ്‌ക് ഗ്രൗണ്ട്
വീട്ടകങ്ങൾ മാലിന്യ - പൊടി വിമുക്തമാക്കാനുള്ള നഗരസഭയുടെ പരിപാടിയിൽ നഗരത്തിലെ അരലക്ഷം ഭവനങ്ങളിലെ റിജക്ടഡ് മാലിന്യം ശേഖരിച്ച് സംസ്‌കരണത്തിനയയ്ക്കും
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ