
ആലപ്പുഴ: ഫേസ്ബുക്കിലൂടെ തങ്ങളുടെ മാമനായി മാറിയ കളക്ടറെ നേരിൽ കാണാൻ വിദ്യാർത്ഥികളെത്തി. പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസിൽ എട്ട്, ഒൻപത്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന നാൽപ്പതോളം വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച കളക്ടറേറ്റിലെത്തിയത്.
സിവിൽ സർവീസ് പരീക്ഷ വിജയിക്കാനുള്ള വഴികളെക്കുറിച്ചാണ് പലർക്കും അറിയേണ്ടിയിരുന്നത്. പുതിയ കളക്ടർ ജില്ലയിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളുയർന്നു. കൃത്യമായി സമയം ക്രമീകരിച്ച് പഠിച്ചാൽ വിജയം കൈവരിക്കാനാകുമെന്നും ദിവസവും പത്രം വായിക്കുകയും മാനനസിക- ശാരീരിക ആരോഗ്യം ഉറപ്പാക്കാൻ കളിക്കുകയും നന്നായി ഉറങ്ങുകയും വേണമെന്ന് കളക്ടർ പറഞ്ഞു. കളക്ടറുടെ കസേരയിൽ തൊടണമെന്ന് ആഗ്രഹം പറഞ്ഞ വിദ്യാർഥിനിക്ക് ആ കസേരയിൽ ഇരിക്കാൻ അവസരവും നൽകി. കളക്ടറുടെ മാതാപിതാക്കൾക്ക് വിദ്യാർത്ഥികൾ ഓണക്കോടി കൈമാറി.
സ്‌കൂൾ മാനേജർ എം.ടി. മധു, പ്രിൻസിപ്പൽ ഇ.പി.സതീശൻ, പ്രധാനാദ്ധ്യാപിക കെ.സി. ചന്ദ്രിക, എം.ആർ.പ്രേം, കെ.എസ്. സഞ്ജു എന്നിവർക്കൊപ്പമാണ് കുട്ടികൾ എത്തിയത്. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന ഉപദേശം നൽകിയാണ് കളക്ടർ കുട്ടികളെ യാത്രയാക്കിയത്.