ആലപ്പുഴ: വെയിറ്റിംഗ് ഷെഡിന് മുന്നിൽ നിറുത്താത്ത കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഒരു ഡ്രൈവറുടെ ലൈസൻസ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ റദ്ദാക്കി.

തെക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്താൻ അമ്പലപ്പുഴ കച്ചേരി മുക്ക് ജംഗ്ഷന് തെക്കു ഭാഗത്ത് വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് മുൻകൈയെടുത്ത് വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകളൊന്നും ഇതിനു മുന്നിൽ നിറുത്താറില്ല. തിരക്കേറിയ ജംഗ്ഷനിൽത്തന്നെ ബസുകൾ നിറുത്തുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബസുകൾ വെയിറ്റിംഗ് ഷെഡിന് മുന്നിൽത്തന്നെ നിറുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പല തവണ നിർദേശം നൽകിയിരുന്നു. ഒരാഴ്ച മുൻപും പരിശോധനയ്ക്കിടെ ഈ നിർദേശം നൽകിയതാണ്. നിർദേശം പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ നടപടി ആരംഭിച്ചത്. 6 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറുടെ ലൈസൻസാണ് റദ്ദു ചെയ്തത്. മറ്റുള്ളവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.