photo

ചേർത്തല: അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം ആയിരംതൈയ്യിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ (16) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ടിനോട് ചേർന്നു കണ്ടെത്തിയത്. കാണാതായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി(16)ക്കായുള്ള തിരച്ചിൽ തുടരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് കടലിൽ കുളിക്കാനെത്തിയ ആറംഗ വിദ്യാർത്ഥിസംഘം അപകടത്തിൽപ്പെട്ടതങ്ങ. നാലു പേരെ മത്സ്യതൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല.തിര ശക്തമായതിനാൽ വ്യാഴാഴ്ച കടലിലിറങ്ങിയുള്ള തിരച്ചിലും നടന്നില്ല. വെള്ളിയാഴ്ച രാവിലെ തീരദേശ പൊലീസും അർത്തുങ്കൽ പൊലീസും അഗ്നിശമനസേനയും മത്സ്യതൊഴിലാളികളും തിരച്ചിൽ തുടങ്ങി. കോസ്​റ്റ് ഗാർഡിന്റെ ഹെലികോപ്ടർ എത്തിച്ചു നിരീക്ഷണം നടത്തി ഉച്ചവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വൈകിട്ട് അഞ്ചരയോടെയാണ് ഹാർബറിന്റെ തെക്കേ പുലിമുട്ടിനോടു ചേർന്ന് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്.മത്സ്യതൊഴിലാളികളുടെ സഹായത്താലാണ് മൃതദേഹം കരയിലെത്തിച്ചത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാ​റ്റി. ഇന്ന് പോസ്​റ്റമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.