
അരൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള അരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരുന്ന ശ്രീകൃഷ്ണ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ വിഗ്രഹം കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം. ഇതു സംബന്ധിച്ച് ക്ഷേത്രം അധികൃതർ നൽകിയ പരാതിയെത്തുടർന്ന് അരൂർ പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം വിഗ്രഹം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് പ്രതി വിഗ്രഹം ഉപേക്ഷിച്ചതാകാമെന്നും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും അരൂർ എസ്.ഐ പറഞ്ഞു. മുൻപ് കാണിക്കവഞ്ചിയും നിലവിളക്കുകളും മോഷണം പോയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് അടിയന്തിരമായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ചുറ്റുമതിലുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ. കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.