ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ നടത്തിവരുന്ന ഗുരുധർമ്മ പ്രചാരക പരിശീലന പദ്ധതിയുടെ നാലാമത് ബാച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് യൂണിയൻ ഹാളിൽ ഗാനരചയിതാവ് ബീയാർ പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഗുരുനാരായണ സേവാ നികേതനിലെ ആചാര്യ കെ.എൻ. ബാലാജി ഗുരുപഠന ക്ളാസ് നയിക്കും. ഗുരുവിന്റെ ജീവിതം, ദർശനം, കൃതികൾ എന്നിവ ആധികാരികമായി പഠിപ്പിച്ച് ഗുരുധർമ്മ പ്രചാരകരെ വളർത്തിയെടുക്കുന്ന പരിശീലനമാണ് നൽകുന്നത്. എസ്.എൻ.ഡി.പി യോഗ ചരിത്രം, ഗുരുവിന്റെ ശിക്ഷ്യപരമ്പര, ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ, മറ്റ് പുണ്യസ്ഥലപ്രാധാന്യം എന്നിവ പരിശീലന പദ്ധതിയുടെ ഭാഗമായുണ്ടാകും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതം പറയും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത് എന്നിവർ സംസാരിക്കും.