ഹരിപ്പാട്. നാലു പതിറ്റാണ്ടായി ഹരിപ്പാടിന്റെ സ്പന്ദനങ്ങൾ കാമറക്കണ്ണിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ വിജയൻ പിള്ള (62, റിപ്പോർട്ടർ വിജയൻ ചേട്ടൻ ) ഇനി ഓർമ്മകളിൽ. വിജയൻപിള്ള ഹരിപ്പാട്ട് ആദ്യമായി എത്തുന്നത് ഭാസി സ്റ്റുഡിയോയിലൂടെയാണ്. ഏറെക്കാലം ഇവിടെ ജോലി ചെയ്തതിനു ശേഷം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. സിനിമ മേഖലയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പ്രേംനസീർ മുതലുള്ള നിരവധി താരങ്ങളുടെ ഫോട്ടോ വിജയൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. അടുത്തിടെ വസ്ത്രവ്യാപാര ശാലയുടെ ഉദ്ഘാടനത്തിനായി മമ്മൂട്ടി ഹരിപ്പാട് എത്തിയപ്പോൾ ഹരികൃഷ്ണൻസിന്റെ ലൊക്കേഷനിൽ വച്ച് വിജയൻ എടുത്ത ചിത്രം കാണിച്ചിരുന്നു. മമ്മൂട്ടി,മോഹൻലാൽ,ഫാസിൽ എന്നിവർ ഒന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. ഒരിടവേളയ്ക്ക് ശേഷം ഹരിപ്പാട് മടങ്ങിയെത്തിയ വിജയൻ പിള്ള പിന്നീട് ഹരിപ്പാട്ട് എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു. ജാതി,മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പരിപാടികളിലും വിജയൻ പിള്ള തന്റെ ക്യാമറയുമായി എത്തിയിരുന്നു. പണ്ടുകാലത്ത് ഫോട്ടോയുടെ കോപ്പികൾ എടുത്ത്, പങ്കെടുത്തവർക്ക് നൽകുന്ന പതിവും ഉണ്ടായിരുന്നു. ഇതിന് കണക്ക് പറഞ്ഞ് പണം വാങ്ങുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല.