അരൂർ: അരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞ മണ്ഡപത്തിൽ നിന്ന് ശ്രീകൃഷ്ണ പഞ്ചലോഹ വിഗ്രഹം മോഷണം പോയ സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി . മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ആളെ പിടികൂടാനായിട്ടില്ല. മറ്റൊരു കവർച്ചാ കേസിലെ പ്രതിയാണ് വിഗ്രഹം കവർന്നതെന്നാണ് പൊലീസ് അനുമാനം. അരൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ ഒളിവാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സപ്താഹ മണ്ഡപത്തിൽ നിന്ന് രാത്രി 9 ന് ശേഷമാണ് മോഷണം നടന്നത് . ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേർന്ന് വിഗ്രഹം പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അരൂർ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം ജീവനക്കാരനാണ് സമീപത്തെ കുറ്റിക്കാട്ടിൽ വിഗ്രഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് .