
മാവേലിക്കര : സാമൂഹികനീതി എന്ന ലക്ഷ്യം ഭരണഘടനാ പിതാക്കളുടെ സങ്കല്പപ്രകാരം സാക്ഷാത്കരിക്കുന്നതിന് കഴിഞ്ഞ 75 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്തിനു പൂർണമായി സാധിച്ചെന്നു പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. മാവേലിക്കരയിൽ നടന്ന സാംബവ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീതിക്കും വിവേചനങ്ങൾക്കും ഭേദചിന്തകൾക്കും എതിരായ സമരങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുക്കേണ്ട ഒരു ഘട്ടമാണിത്. ഭരണഘടനാമൂല്യങ്ങളായ സമത്വവും സാഹോദര്യവും സമഭാവനയും എത്രകണ്ട് പ്രാവർത്തികമായി എന്നതും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസഭ പ്രസിഡന്റ് പി.കെ.ശങ്കർദാസ് അദ്ധ്യക്ഷനായി. എം.എസ് അരുൺകുമാർ എം.എൽ.എ ദീപപ്രകാശനം നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ജന്നിംഗ്സ് ജേക്കബ്, അഡ്വ.സിനിൽ മുണ്ടപ്പള്ളി, സി.ഡി.കുഞ്ഞച്ചൻ, ചന്ദ്രൻ പുതിയേടത്ത്, സരളാ ശശി, സതീഷ് മല്ലശേരി എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുന്നത്തൂർ പ്രസന്നകുമാർ നന്ദിയും പറഞ്ഞു.