മാന്നാർ : മാന്നാർ കുറ്റിയിൽമുക്ക് പെട്രോൾ പമ്പിന് സമീപമുള്ള ബജിക്കടയിലേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ചു മാസങ്ങൾക്കു മുമ്പും ഇവിടെ കാർ ഇടിച്ച്കയറി അപകടം നടന്നിരുന്നു. മാന്നാർ നാഥൻപറമ്പിൽ സിയാദിന്റെ ഉടമസ്ഥതയിലുള്ള അൽനൂർ ബജിക്കടയിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചായ കുടിക്കാൻ കടയിൽ എത്തിയ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു സൈക്കിളും കടയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന നെയിംബോർഡും പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ലലമാരയും അപകടത്തിൽ തകർന്നു . കഴിഞ്ഞദിവസം മരിച്ച ഇരമത്തൂർ ജ്യോതിഭവനത്തിൽ ജ്യോതിലക്ഷ്മിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി പുലിയൂർ സ്വദേശികളായ കുടുംബം ബംഗളുരുവിൽ നിന്നും വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ബജിക്കടയിലേക്ക് ഇടിച്ച് കയറിയത്. ചൂരൽ എന്നറിയപ്പെട്ടുന്ന രാജപ്പൻ, വിഷവർശ്ശേരിക്കര കുന്നുംപുറത്ത് കൊച്ചുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.