മാവേലിക്കര: മുൻ മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുൻ മന്ത്രി ജി.സുധാകരൻ. ആസാദ് കാശ്മീർ എന്ന് പാകിസ്ഥാനികൾ മാത്രമാണ് പറയുന്നത്. ഇന്ത്യ വിഭജന സമയത്ത് കാശ്മീർ വിഭജിച്ചില്ല. അതൊരു സ്വതന്ത്ര രാജ്യമായി നിലനിന്നു. പാകിസ്ഥാൻ കൊടുത്തയച്ച ആയുധങ്ങളുമായി പത്താൻ ഗോത്രക്കാർ കാശ്മീറിന്റെ ഒരു ഭാഗം കൈയടക്കാൻ ശ്രമിച്ചപ്പോഴാണ് കാശ്മീർ ഇന്ത്യയോട് ചേർന്നത്. കാശ്മീറിന് കൊടുത്ത പ്രത്യേക പദവിയെ ആദ്യം എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. കാശ്മീരിൽ പാകിസ്ഥാനാണ് അധിനിവേശം നടത്തിയതെന്നും സുധാകരൻ പറഞ്ഞു. മാവേലിക്കരയിൽ സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധര പണിക്കരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.