ഹരിപ്പാട്: റോഡിന്റെ ടാറിംഗ് ഭാഗത്തേക്കു കയറി നിൽക്കുന്ന വൈദ്യുതിത്തൂൺ ഭീഷണിയാകുന്നു. കായംകുളം-ഡാണാപ്പടി റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ദേവിക്ഷേത്രത്തിനു വടക്കുഭാഗത്തുളള തൂണാണ് അപകട ഭീഷണിയുയർത്തുന്നത്. വളവു ഭാഗമായതിനാൽ തെക്കു നിന്ന് തിരിഞ്ഞു വരുന്ന വലിയ വാഹനങ്ങൾ തൂണിൽ തട്ടാൻ സാദ്ധ്യതയേറെയാണ്. കൂടാതെ വളവു തിരിഞ്ഞശേഷം തൂണിൽ തട്ടാതിരിക്കാനായി വെട്ടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്. വശം ചേർന്നു പോകുന്ന ഇരുചക്രവാഹനങ്ങളും തൂണിൽ ഇടിച്ചും അപകടം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ സ്‌കൂട്ടർ യാത്രികൻ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. റോഡു പുനർനിർമിച്ചപ്പോൾ മിക്ക തൂണുകളും മാറ്റി സ്ഥാപിച്ചിരുന്നു. ഈ തൂൺ അന്ന് മാറ്റിയിരുന്നില്ല. ആരു ചെലവു വഹിക്കുമെന്ന തർക്കമാണ് ഇപ്പോൾ തൂൺ മാറ്റിയിടുന്നതിനു തടസമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് തുക നൽകിയാൽ തൂൺ മാറ്റി സ്ഥാപിക്കുമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതർ. എന്നാൽ പി.ഡബ്ല്യൂ.ഡി റോഡായതിനാൽ പഞ്ചായത്ത് പണം ചെലവഴിക്കില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആരുടെയെങ്കിലും ജീവൻ പൊലിയുന്നതുവരെ തർക്കം നീളരുതെന്നും എത്രയും വേഗം വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
.........
''തൂൺ മാറ്റണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം കളക്ടർക്ക് പരാതി നൽകും.
കെ.എൻ. നിബു,പഞ്ചായത്തംഗം
............
''റോഡിലെ തൂണ് കാരണം അപകട സാധ്യത വളരെ കൂടുതലാണ്. മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം.
നിധിൻ , നാട്ടുകാരൻ