അനധി​കൃതർ പാർക്കിംഗും വി​ന

ആലപ്പുഴ: ഓണത്തിന് മുന്നോടിയായുള്ള തിരക്കും അവധി ദി​വസങ്ങളി​ൽ ടൂറിസ്റ്റുകളുടെ വരവും കൂടി​യതോടെ നഗരത്തി​ൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി വരെയുള്ള നഗരപാതകളിലാണ് തിരക്ക് ഏറെയും.

നഗരപാത വികസന പദ്ധതിയുടെ ഭാഗമായയുള്ള റോഡുകളുടെയും പാലങ്ങളുടെയും നവീകരണ ജോലികൾ പൂർത്തീകരിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമായി. ജനറൽ ആശുപത്രി, ഇരുമ്പുപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ജില്ലാക്കോടതി പാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ ഏറെ കുരുങ്ങുന്നത്. രാവിലെ തുടങ്ങുന്ന കുരുക്ക് രാത്രി വരെ നീളും. കൺട്രോൾ റും മുതൽ തെക്കോട്ട് കൊട്ടാരപ്പാലം വരെയും ജില്ലാക്കോടതി പാലത്തിന്റെ ഇരുവശത്തെ റോഡിലും മുല്ലയ്ക്കൽ തെരുവ്, ജില്ലാക്കോടതി-പുന്നമട റോഡ് എന്നിവടങ്ങളിലുമാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഹൗസ്ബോട്ട് യാത്രയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ പുന്നമട റോഡിൽ തലങ്ങും വിലങ്ങും പാർക്കുചെയ്യുന്നു. ഫയർഫോഴ്സിന്റെ വാഹനങ്ങൾക്കു പോലും വേഗത്തിൽ പോകാൻ കഴിയാത്ത തരത്തിലാണ് കെ.എസ്.ആർ.ടി​.സി​ സ്റ്റാൻഡി​ന്റെ ഭാഗത്തെ അനധി​കൃത പാർക്കിംഗ്.

# ഇഴയുന്നു, നി​ർമ്മാണങ്ങൾ

ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെയും നിർമ്മാണ ജോലികൾ ഇഴയുകയാണ്. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച റോഡുകളുടെ ഇരുവശങ്ങളിലേയും മെറ്റൽ ഫില്ലിംഗ് വൈകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയുമുള്ള റോഡുകളാണ് വൈറ്റ് ടോപ്പിംഗിലൂടെ പുനർനി​ർമ്മാണം ആരംഭിച്ചത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതാണ് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാവുന്നത്. പുലയൻ വഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ ഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു.

പ്രധാന ജംഗ്ഷനുകളിൽ രാവിലെയും വൈകിട്ടും ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ നിയമിച്ചിട്ടുണ്ട്. ഓണനാളുകളിലെ തിരക്ക് നിയന്ത്രി​ക്കാൻ കൂടുതൽ പൊലീസിനെ നഗരത്തിൽ വി​ന്യസി​ക്കും

ട്രാഫിക് പൊലീസ്, ആലപ്പുഴ