അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 12-ാം വാർഡ് കമ്പിവളപ്പിൽ ആഴ്ചകളായി കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിത്തിൽ. നൂറ് കണക്കിന് കുടുംബങ്ങളാണ് ശുദ്ധ ജലം ഇല്ലാതെ വെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. ഇവിടുത്തെ കിണർ, കുളം അടക്കം പ്രദേശത്തെ ജല സ്രോതസുകളിൽ നിന്ന് ലഭിക്കുന്നത് മലിന ജലമാണ്. ഈ വെള്ളം ഉപയോഗിക്കുന്നതു വഴി മാരകരോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയേറെയാണ്. നീർക്കുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ നിന്നാണ് ഇവിടെ കുടിവെള്ളമെത്തുന്നത്. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ കുടിവെളള ക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെളളം കിട്ടാതായതോടെ സ്വകാര്യ ആർ. ഒ പ്ലാന്റുകളിൽ നിന്ന് വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് പ്രദേശത്തുകാർ. പ്രദേശത്ത് മാസങ്ങളായി പൈപ്പുകളിൽ വല്ലപ്പോഴും മാത്രമാണ് കുടിവെള്ളം എത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയായി പൂർണമായും വെള്ളം കിട്ടാതായി. ഇതോടെ വെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ് നാട്ടുകാർ. അടിയന്തരമായി പ്രദേശത്ത് കുടിവെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും കുടിവെള്ളം കിട്ടാതായാൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.