ഹരിപ്പാട്: അനാവശ്യമായി വാഹനം കസ്റ്റഡിയിലെടുത്തു എന്നാരോപിച്ച് ഗ്രാമപഞ്ചായത്തംഗം അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം റോഷിനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കാറ്ററിംഗ് ജോലിക്ക് ശേഷം നിന്ന യുവാക്കളുടെ ബൈക്കിന്റെ താക്കോൽ പൊലീസ് ഊരിയെടുക്കുകയും സ്റ്റേഷനിൽ എത്തിയാൽ തിരികെ നൽകാമെന്ന് പറഞ്ഞു പോവുകയും ചെയ്തു. ബൈക്കിന്റെ ഉടമയായ മഹാദേവികാട് സ്വദേശി അനന്തകുമാറിന്റെ പക്കൽ ലൈസൻസും വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നു. എന്നിട്ടും സ്റ്റേഷനിലെത്തിയപ്പോൾ 500 രൂപ പിഴ അടച്ചു വാഹനം കൊണ്ടുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. സംഭവമറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം വാഹനം വിട്ടു നൽകാത്തതിനെ തുടർന്ന് സ്റ്റേഷനു മുമ്പിൽ കുത്തിയിരിപ്പു നടത്തിയത്. പൊലീസ് പിഴ ഈടാക്കാതെ തന്നെ ബൈക്കിന്റെ താക്കോൽ ഉടമയ്ക്ക് തിരികെ നൽകിയതിനുശേഷമാണ് റോഷിൻ പ്രതിഷേധം അവസാനിപ്പിച്ചത്.