ramayana-mela-samapanam
മാന്നാർ തൃക്കുരട്ടി മഹാദേവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു



മാന്നാര്‍: ജാതിയും മതവുമില്ലാതെ എല്ലാ വിഭാഗങ്ങളെയും സമന്വയിപ്പിക്കാൻ രാമായണ മേളയ്ക്ക് കഴിഞ്ഞതായി സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. തൃക്കുരട്ടി മഹാദേവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന 20-ാമത് അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ അദ്ധ്യക്ഷത വഹിച്ചു.

രാമായണപുരസ്‌കാരം ഗായകനും സംഗീതജ്ഞനുമായ ഡോ. കെ.ജി. ജയന് (ജയവിജയന്‍) പി.സി. വിഷ്ണുനാഥ് എം.എല്‍.എ സമ്മാനിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള എവര്‍റോളിംഗ് ട്രോഫി വിതരണവും വിജയികൾക്കുള്ള സമ്മാനദാനവും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചീഫ് എൻജി​നീയര്‍ കെ. അജിത് എന്നിവർ നിർവഹിച്ചു. വിവിധമേഖലകളില്‍ മികവ് തെളിയിച്ച ഡോ.എ.രാധാകൃഷ്ണൻ, ജി.മധു, വിംഗ് കമാൻഡർ (റിട്ട.) എസ്.പരമേശ്വരൻ, ബദ്രി നീലേശ്വരം എന്നിവരെ ആദരിച്ചു. രാമായണപ്രതിഭകള്‍ക്കുള്ള സ്വർണ നാണയ വിതരണം പുളിമൂട്ടില്‍ പി.എ. ഗണപതി ആചാരി നിർവ്വഹിച്ചു.

ദേവസ്വം അസി.കമ്മി​ഷണർ ശ്രീലത, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ഷൈന നവാസ്, തൃക്കുരട്ടി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എച്ച്. വൈശാഖ് എന്നിവർ സംസാരിച്ചു. ഹരികൃഷ്ണൻ പടിപ്പുരയ്ക്കൽ സ്വാഗതവും ഗിരീഷ് തെക്കും തളിയിൽ നന്ദി​യും പറഞ്ഞു.