ambala
പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ തകഴി ഗവ.ആശുപത്രി - പടഹാരം റോഡ്

അമ്പലപ്പുഴ: ഏഴ് വർഷമായി ശാപമോക്ഷം തേടി തകഴി ഗവ.ആശുപത്രി - പടഹാരം റോഡ്. ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് അധികൃതർ വാഗ്ദാനത്തിൽ മാത്രം ഒതുക്കുകയാണ്. റോഡിന്റെ ഇരുവശത്ത് താമസിക്കുന്ന വീടുകളിൽ പ്രായമായവും കുട്ടികളും പൊടിശല്യത്തിൽ വലയുകയാണ്. ടാറിംഗ് പ്രവൃത്തി നീണ്ടുപോകുന്നതാണ് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നത്. മഴപെയ്താൽ കുളം വേനലിൽ പൊടികാറ്റണ് നിലവിലെ സ്ഥിതി. ആശുപത്രി റോഡായതിനാൽ രോഗികൾക്ക് ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. എല്ലോറ, സി.എസ്.ഐ വാർഡ് ,ഭജനമഠം, പടഹാരം തുടങ്ങിയ സ്ഥലത്തു നിന്നും തകഴി ആശുപത്രിയിലേക്കുള്ള ഏക മാർഗമാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഈ റോഡ്. പ്രദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് തകഴി സ്കൂളിലേക്ക് എത്താനുള്ള ഏക വഴിയും ഇതാണ്. റോഡ് ഗതാഗതയോഗ്യമല്ലാതെ തകർന്നു കിടക്കുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ പോലും ഇതുവഴി വരാത്തത് പ്രദേശവാസികൾക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. സൈക്കിളിൽ സ്കൂളിലേക്കു പോകുന്ന വിദ്യാർത്ഥികൾ റോഡിൽ തെന്നി വീഴുന്നത് നിത്യസംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്.റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശത്തെ സാംസ്കാരിക കേന്ദ്രമായ ടാഗോർ കലാകേ സമരം നടത്തിയിരുന്നു. നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും ഒരു കിലോ മീറ്റർ ദൂരമുള്ള റോഡ് സഞ്ചാരയോഗ്യമാക്കത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.

............

'' ജനങ്ങളുടെ ദുരിതം മനസിലാക്കി റോഡ് പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ഈ തിരുവോണ നാളിലും ഉപവാസ സമരം നടത്തും -ടാഗോർ കലാകേന്ദ്രം രക്ഷാധികാരി കരുമാടി മോഹൻ, സെക്രട്ടറി മതി കുമാർ.

''റീ - ബിൽഡ് പദ്ധതിയിൽ 2 കോടി രൂപ കരാർ ആയിട്ടുണ്ട്. കാലാവസ്ഥയിൽ വന്ന മാറ്റമാണ് ജോലി നീണ്ടുപോകാൻ കാരണം. ഇപ്പോൾ ജി.എസ്.ടി കൂടി വരുന്നതിനാൽ നിയമ നടപടിക്രമം കൂടി കഴിഞ്ഞ് നിർമ്മാണം ആരംഭിക്കും -ബിനു ഐസക് രാജു ജില്ലാ പഞ്ചായത്ത് അംഗം