ആലപ്പുഴ: സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് 18മുതൽ 20 വരെ കണിച്ചുകുളങ്ങരയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ആർട്ടിസ്റ്റിക്, റിഥമിക്, ഫ്രീ ഫ്‌ളോ എന്നീ യോഗ ഡാൻസ് ഇനങ്ങളിലും മത്സരം നടക്കും. 18ന് വൈകിട്ട് 3ന് മന്ത്രി വി. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് മുഖ്യാതിയിയാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 19ന് വൈകിട്ട് നാലിന് മെഗയോഗ പ്രദർശനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാ ടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും. സംഘാടക സമിതി രക്ഷാധികാരി ആർ. നാസർ അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യം. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 14 ജില്ലകളിൽ നിന്നായി 600 യോഗാസന താരങ്ങളും 200 ഒഫീഷ്യൽസും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. എട്ട് മുതൽ 18വരെ പ്രായത്തിലുള്ളവർ സബ് ജൂനിയർ,ജൂനിയർ വിഭാഗത്തിലും 18ന് മുകളിൽ പ്രായമുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരം. 21ന് മുകളിൽ പ്രായമുള്ള ദേശീയ റഫറിമാരെ മാത്രം പങ്കെടുപ്പിച്ച് പ്രൊഫഷണൽ യോഗാസന മത്സരവും ഉണ്ടാകും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഒക്ടോബറിൽ പഞ്ചാബിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ യോഗാസന മത്സരങ്ങളിലും ഡിസംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന സീനിയർ യോഗാസന ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാനാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കൺവീനർ എസ്. രാധാകൃഷ്ണൻ, യോഗ അസോസിയോൻ ഒഫ് കേരള പ്രസിഡന്റ് അഡ്വ.ബി. ബാലചന്ദ്രൻ, യോഗ അസോസിയേഷൻ ആലപ്പുഴ സെക്രട്ടറി എം.വിജയഘോഷ്, ഡി. സലിം, പി.സി. പ്രദീപ് എന്നിവർ പങ്കെടുത്തു.