chuvar-chithram
മാന്നാർ നായർ സമാജം സ്‌കൂളിന്റെ ചുവരിൽ സാജൻ കെ.വർഗീസ് മഹാത്മജിയുടെ ചിത്രം വരച്ചപ്പോൾ

മാന്നാർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സമ്മാനമായി മാന്നാർ നായർസമാജം ഹയർസെക്കഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഗാന്ധിജിയുടെ വൻ ചുവർചിത്രം. ആസാദികാ അമൃത മഹോത്സവം രാജ്യം മുഴുവൻ കൊണ്ടാടുമ്പോൾ ഭാരതത്തെ സ്വാതന്ത്ര്യപ്പുലരിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാത്മജിയുടെ ചുവർ ചിത്രം വരച്ച് നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ചിത്രകാരൻ സാജൻ കെ.വർഗീസ്. നായർസമാജം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വി.മനോജാണ് ഇങ്ങനൊരു ആശയം സാജന് പകർന്നു നൽകിയത്. മാന്നാർ പഞ്ചായത്ത് പതിനഞ്ചാംവാർഡിൽ കുട്ടംപേരൂർ കൊച്ചുപറമ്പിൽ പരേതനായ കെ.പി വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനായ സാജൻ കെ.വർഗീസ് ചെന്നിത്തല കാരാഴ്മ മോഡേൺ ഫൈൻആർട്സിൽ നിന്നുമാണ് ചിത്രരചന പഠിച്ചിറങ്ങിയത്. മൂന്നു പതിറ്റാണ്ടോളമായി മാന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള സ്ഥാപനങ്ങളുടെയും മറ്റും സൈൻബോർഡുകളും ബാനറുകളും വരച്ചിരുന്നത് സാജനായിരുന്നു. എറണാകുളം ജില്ലയിൽ പതിനാലോളം സ്‌കൂളുകളുടെ ചുവരുകളിൽ സാജന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. സംഗീതത്തിൽ തല്പരയായ മൂത്തമകൾ നായർസമാജം സ്‌കൂൾ പ്ലസ്‌ടു വിദ്യാർത്ഥിനിയായ അന്ന കെ.സാജൻ വന്ദേമാതരം ആലപിക്കുമ്പോൾ അത് തീരുന്നതിനുമുമ്പായി മുൻരാഷ്ട്രപതി അബ്ദുൽ കലാമിന്റെ ചിത്രം വരച്ചുതീർക്കുവാനും സാജന് കഴിയും. അച്ഛന്റെ ചിത്രരചനാ വൈഭവം രണ്ടാമത്തെമകളായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി അലീന കെ.സാജന് പകർന്നു കിട്ടിയിട്ടുണ്ട്. ബീനയാണ് ഭാര്യ.