മാന്നാർ: കടയുടെ മുകളിലായി കമ്പിൽ കെട്ടിയ ദേശീയപതാക അഴിക്കാൻ വൈകിയതിനെത്തുടർന്ന് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അഴിച്ചു മാറ്റി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ, ഗ്രാമപഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ ഇന്നലെ ഉച്ച കഴിഞ്ഞ് മാന്നാർ ഗ്രാമപഞ്ചായത്ത് വാഹനത്തിൽ വള്ളക്കാലിയിലെ മീറ്റിംഗിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് നാലാം വാർഡിൽ കടയുടെ മുകളിൽ ദേശീയ പതാക കെട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനം അടച്ചിരുന്നതിനാൽ സലിം പടിപ്പുരക്കൽ ദേശീയപതാക അഴിച്ചുമാറ്റി തൊട്ടടുത്ത വീട്ടിൽ ഏൽപ്പിക്കുകയായിരുന്നു. ആസാദികാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി മൂന്നുദിവസം ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സ്ഥാപനങ്ങളിലും വീടുകളിലും ഉയർത്തിയ പതാകകൾ സ്വാതന്ത്ര്യദിനം വൈകിട്ടോടെ മാറ്റണമെന്നായിരുന്നു നിർദ്ദേശമെങ്കിലും പലേടത്തും പാലിക്കപ്പെട്ടിരുന്നില്ല.