കുട്ടനാട് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരിദർശന വള എഴുന്നള്ളിപ്പ് ഉത്സവത്തിന് ഇന്ന് തിരിതെളിയും. അടിയുറച്ച ഭക്തയായ ഗൗരിക്ക് പരാശക്തിയായ ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യദിവസമാണ് ഗൗരിദർശന ദിനമായി കൊണ്ടാടുന്നത്. ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ചദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദർശനം നൽകിയത്. പുലർച്ചെ5.30ന് മഹാ ആരതി. തുടർന്ന് എണ്ണ, ചന്ദനം, കരിക്ക്,പാൽ, നെയ്യ്,കുങ്കുമം, തേൻ, മഞ്ഞൾപൊടി എന്നിവ കൊണ്ടുള്ള അഭിഷേകവും വിശാഷാൽ പൂജയും നടക്കും. ക്ഷേത്രമുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. 19 ന് രാവിലെ 9ന് പഞ്ചവാദ്യം, നാദസ്വരം,മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ വളഎഴുന്നള്ളത്തു നടക്കും. ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോൾ പീഠത്തിൽ നിന്നു ലഭിച്ച ഗൗരിയുടെ വള ഭക്തി നിറവിൽ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് എഴുന്നള്ളിക്കും. തുടർന്ന് നടക്കുന്ന മഹാ പ്രസാദമൂട്ടിന് മേൽ ശാന്തിമാരായ അശോകൻ നമ്പൂതിരി രഞ്ജിത്. ബി.നമ്പൂതിരി, ദുർഗാ ദത്തൻ നമ്പൂതിരി ജയസൂര്യ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.