t
t

നെഹ്രുട്രോഫി​ മുന്നൊരുക്കങ്ങൾക്ക് ആവേശമേറി​

ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ കഠിന പരിശീലനത്തിലാണ് ബോട്ട്ക്ളബ്ബുകൾ. പമ്പയാറ്റിലും വേമ്പനാട്ട്കായലിലും മണിമല ആറ്റിലുമാണ് പരിശീലനത്തുഴച്ചിൽ അരങ്ങേറുന്നത്.
ഇന്നു മുതൽ 17 നാൾ കഴിഞ്ഞാൽ പുന്നമടക്കായലിൽ ട്രാക്കുണരും. ചുണ്ടൻമാരിൽ പകുതിയും അപ്പർകുട്ടനാട്ടിലെ വീയപുരം, കരുവാറ്റ, ചെറുതന, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ നിന്നുള്ളവയാണെന്ന പ്രത്യേകതയുമുണ്ട്.

എല്ലാ ദിവസവും പുലർച്ചെ ആറുമുതൽ പത്തുവരെയും വൈകിട്ട് മൂന്ന് മുതൽ ആറുവരെയുമാണ് പരിശീലനം. നെഹ്രുട്രോഫിയിൽ കൂടുതൽ തവണ മുത്തമിട്ട കാരിച്ചാൽ ചുണ്ടനിൽ പൊരുതുന്ന കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി) പമ്പയാറ്റിൽ പരിശീലനം ആരംഭിച്ചു. ആനാരി​ ചുണ്ടനി​ലെത്തുന്ന കൈനകരി വില്ലേജ് ബോട്ട് ക്ളബ്ബ് കൈനകരി കന്നിട്ടയിൽ പരിശീലനം തുടങ്ങി. പള്ളാത്തുരുത്തി ആറ്റിൽ മഹാദേവികാട് കാട്ടിൽതെക്കേതി​ൽ ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബും പുന്നമടയി​ൽ ചമ്പക്കുളം ചുണ്ടനി​ൽ കേരള പൊലീസ് ടീമും കുമരകം കൈപ്പുഴ മുട്ടിൽ നടുഭാഗം ചുണ്ടനി​ൽ കുമരകം എൻ.സി.ഡി.സിയും

പായിപ്പാട് ചുണ്ടനി​ൽ വേമ്പനാട് ബോട്ട്ക്ളബ്ബും പരിശീലനത്തി​ലാണ്. പക്ഷേ, സാമ്പത്തിക പ്രതിസന്ധി ക്ലബ്ബുകളെയെല്ലാം തുറിച്ചുനോക്കുകയാണ്.

# ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ)

2019ലെ നെഹ്രുട്രോഫിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളും ബോട്ട്ക്ളബ്ബുകളുമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരക്രമത്തിൽ ഇത്തവണയും അർഹത നേടിയത്. സമയത്ത് കരാർ ഒപ്പു വയ്ക്കാതിരുന്ന ഗബ്രിയേൽ ചുണ്ടനെ ഒഴിവാക്കി അന്ന് പത്താം സ്ഥാനത്തെത്തിയ സെന്റ് പയസ് ടെൻത് ചുണ്ടനെ ഉൾപ്പെടുത്തി.

# സി​.ബി​.എൽ മത്സരം, തീയതി

* നെഹ്രുട്രോഫി: സെപ്തംബർ 4

* കരുവാറ്റ: സെപ്തംബർ 17

* പുളിങ്കുന്ന്: സെപ്തംബർ 24

* പിറവം: ഒക്ടോബർ ഒന്ന്

* കൊച്ചി മറൈൻഡ്രൈവ്: ഒക്ടോബർ 8

* കോട്ടപ്പുറം: ഒക്ടോബർ 15

* കൈനകരി: ഒക്ടോബർ 22

* താഴത്തങ്ങാടി: ഒക്ടോബർ 29

* പാണ്ടനാട്: നവംബർ 5

* കായംകുളം: നവംബർ 12

* കല്ലട: നവംബർ 19

* പ്രസിഡന്റ്സ് ട്രോഫി കൊല്ലം (സി​.ബി​.എൽ ഫൈനൽ): നവംബർ 26

# സി​.ബി​.എൽ യോഗ്യത നേടിയ ചുണ്ടൻ, ക്ളബുകൾ

* മഹാദേവികാട് കാട്ടിൽ തെക്കേതിൽ: പള്ളാത്തുരുത്തി ബോട്ട് ക്ളബ്ബ്

* കാരിച്ചാൽ: യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി) കൈനകരി

* ചമ്പക്കുളം: കേരള പൊലീസ് ബോട്ട് ക്ളബ്ബ്

* നടുഭാഗം: എൻ.സി.ഡി.സി കുമരകം

* മങ്കൊമ്പ് സെന്റ് പയസ് ടെൻത് - ടൗൺ ബോട്ട് ക്ളബ്ബ്, കുമരകം

* വീയപുരം ചുണ്ടൻ: പുന്നമട ബോട്ട് ക്ളബ്ബ്

* ദേവാസ് - വില്ലേജ് ബോട്ട് ക്ളബ്ബ് എടത്വ

* പായിപ്പാട് - വേമ്പനാട് ബോട്ട് ക്ളബ്ബ് കുമരകം

* ആയാപറമ്പ് പാണ്ടി -കുമരകം ബോട്ട് ക്ളബ്ബ്