 
ചേർത്തല: ഓണത്തിന് മലയാളിയുടെ മുറ്റത്ത് അത്തപൂക്കളമൊരുക്കുന്നതിനു മുമ്പേ ചെണ്ടുമല്ലികൾ കഞ്ഞിക്കുഴിയിൽ പൂത്തു വിടർന്നു.പൂക്കളുടെ വിളവെടുപ്പിന്റെ തിരക്കിലാണിപ്പോൾ കഞ്ഞിക്കുഴി.
മന്ത്റി പി.പ്രസാദും,ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും,ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനനുമൊക്കെ വിവിധ ഗ്രൂപ്പുകളുടെ പൂകൃഷി വിളവെടുപ്പ് നടത്തിക്കഴിഞ്ഞു. 50000 ചെണ്ടു മല്ലി തൈകളാണ് ഗ്രാമ പഞ്ചായത്തും കൃഷിഭവനും വാങ്ങി നൽകിയത്. വാർഡുകളിൽ കൃഷി ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു കൃഷി. വാണിജ്യാടിസ്ഥാനത്തിലും വലിയ കൃഷിയുണ്ട്. പുത്തനമ്പലത്തിന് സമീപം ഒന്നര ഏക്കറിലെ
യുവ കർഷകൻ സുജിത്തിന്റെ ചെണ്ടുമല്ലി തോട്ടം കാണാൻ സഞ്ചാരികളുടെ തിരക്കായി കഴിഞ്ഞു.ആകർഷകമായ സെൽഫി പോയിന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കഞ്ഞിക്കുഴി 11-ാം വാർഡിൽ താമരച്ചാൽ സുനിലും ശ്യാമും ചേർന്ന് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ബി സലിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സുനിതാ സുനിൽ,എം.ടി.അനിൽകുമാർ,ജയറാം,അഭിലാഷ് മംഗലത്ത് എന്നിവർ പങ്കെടുത്തു.കിലോഗ്രാമിന് 60 രൂപ മുതൽ 100 രൂപ വരെ പൂവിനിപ്പോൾ ഇവിടെ വിലയുണ്ട്.നിരവധി പേർ ആവശ്യക്കാരായി തോട്ടത്തിൽ എത്തി പൂക്കൾ വാങ്ങുന്നുമുണ്ട്.പ്രധാനമായും മഞ്ഞയും കുങ്കുമവും കളറാണ് പൂക്കളുടേത്.ഹൈബ്രിഡ് ഇനത്തിലെ ചെടിയായതു കൊണ്ടു തന്നെ പൂക്കൾക്ക് നല്ല വലുപ്പവുമുണ്ട്.