ആലപ്പുഴ: രൂപകൽപ്പനയിലെ അപാകതകൾ മൂലമാണ് സംസ്ഥാനത്തെ റോഡുകൾ തകരുന്നതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. ശാസ്ത്രീയമായ രീതിയിൽ കുഴികളടയ്ക്കാനുള്ള നിരക്കോ സമയമോ കരാറുകാർകക് ലഭിക്കുന്നില്ല. അതിനാൽ പലപ്പോഴും തട്ടിക്കൂട്ടൽ പണികളാണ് നടക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസ്ഥകളും ഹൈക്കോടതിയുടെ കർശന നിർദേശവും അവഗണിച്ചാണ് എ.സി റോഡിലെ പണികളുടെ നടത്തിപ്പ്. കളക്ടർ പ്രശ്‌നത്തിൽ ഇടപെട്ടില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.
ആലപ്പുഴ-ചങ്ങനാശ്ശേരി-വാഴൂർ റോഡ് ദേശീയപാതയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയപാത അതോറിട്ടിയുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി നിർമാണത്തിൽ വേണ്ട മാറ്റം വരുത്തണമെന്നും അമ്പലപ്പുഴ-പൊടിയാടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ശിവൻ, സെക്രട്ടറി എം.എസ്.നൗഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.