rally
ആലപ്പുഴ കൊത്തുവാൾ ചാവടി പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച ജല റാലി

ആലപ്പുഴ: നെഹ്രുട്രോഫിക്ക് മുന്നോടിയായി ജലോത്സവപ്രേമികളെ ആവേശത്തിലാഴ്ത്താൻ പ്രചാരണങ്ങൾക്ക് തുടക്കമായി. വിളംബര പരിപാടികളുടെ ഭാഗമായി ജില്ലാ കനോയിങ് കയാക്കിംഗ് അസോസിയേഷന്റെ സഹകരണത്തോടെ ഇന്നലെ ജല റാലി സംഘടിപ്പിച്ചു. ആലപ്പുഴ കൊത്തുവാൽ ചാവടി പാലത്തിന് സമീപത്തു നിന്നു ആരംഭിച്ച ജല റാലി പുന്നമട സായി സെന്ററിന് സമീപമാണ് അവസാനിച്ചത്.

പി.പി.ചിത്തരഞ്‌ജൻ എം.എൽ.എ തുഴ ഉയർത്തിയാണ് ജലറാലി ഉദ്ഘാടനം ചെയ്തത്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി സംഘാടക സമിതി ചെയർമാൻ കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ദീപക് ദിനേശൻ, കെ.എസ്. റെജി, ജോഷി മോൻ ടോൺ ബി.ടി, സുമേഷ് ചന്ദ്രദാസ്, രാജേഷ് ചക്രപാണി, ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു.

സെപ്തംബർ മൂന്നിന് അത് ലറ്റിക്കോ ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ കടപ്പുറത്ത് കേരളത്തിലെ ഏറ്റവും വലിയ ബീച്ച് മാരത്തോൺ സംഘടിപ്പിക്കും. നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് ബീച്ച് റൺ സംഘടിപ്പിക്കുന്നത്.

# ആശംസകളുമായി പ്രമുഖർ

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ജലമേളയ്ക്ക് ജനപ്രിയ താരങ്ങളുടെ ആശംസകൾ എത്തിത്തുടങ്ങി. നെഹ്റുട്രോഫിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മേഹൻലാൽ, മഞ്ജുവാര്യർ, റിമാ കല്ലിങ്കൽ തുടങ്ങിയ താര നിര ആശംസകൾ അർപ്പിച്ചിരിക്കുന്നത്.

നെഹ്റുട്രോഫി ജലമേളയ്ക്ക് മുന്നോടിയായി കേരളത്തിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ ആണ് സംഘടിപ്പിക്കുന്നത്. തിരിച്ചെത്തുന്ന ജലമേളയെ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യം

വി.ജി.വിഷ്ണു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്