 
ആലപ്പുഴ: കർഷകദിനവും ആലപ്പുഴയുടെ 65-ാം പിറന്നാൾ ദിനവും നഗരത്തിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാന സർക്കാരിന്റെ, ഒരു ലക്ഷം കൃഷിയിടങ്ങൾ കണ്ടെത്തി കൃഷി ചെയ്യുക എന്ന തീരുമാനത്തിന്റെ ഭാഗമായി നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 52 വാർഡുകളിലും കൃഷി ആരംഭിച്ചു.
കൃഷിദർശൻ പരിപാടിയുടെ പ്രചരണാർത്ഥം സീറോ ജംഗ്ഷനിൽ നിന്നു കൃഷിഭവൻ അങ്കണത്തിലേക്ക് നടന്ന വിളംബര ജാഥയിൽ നഗരസഭ കൗൺസിലർമാർ, പാടശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, സംയുക്ത പാടശേഖരസമിതി അംഗങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു. മികച്ച പച്ചക്കറി കർഷക വലിയമരം വാർഡിൽ ഹമീലത്ത്ബീവി, വനിതാ നെൽകർഷക പത്താംവാർഡ് തോട്ടുങ്കൽ പ്രഭാഷിണി, ജൈവകർഷകൻ കനാൽ വാർഡിൽ ഡോ.മുഹമ്മദ് അസ്ലം, സമ്മിശ്രകൃഷി തിരുമല വാർഡിൽ ഷിബു, വിദ്യാർത്ഥി കർഷകൻ തോണ്ടൻകുളങ്ങര വാർഡിൽ എസ്.അഭിദേവ്, മുതിർന്ന കർഷകൻ ഇരവുകാട് വാർഡിൽ രാധാകൃഷ്ണൻ, യുവകർഷകൻ തിരുമല വാർഡിൽ വി. വിനേഷ്‌കുമാർ, നെൽകർഷകൻ നെഹൃുട്രോഫി വാർഡിൽ ടി.എം ടോമിച്ചൻ, എസ്.സി കർഷകൻ പള്ളാത്തുരുത്തി വാർഡിൽ സുഭാഷ്, ക്ഷീരകർഷകൻ പഴവീട് വാർഡിൽ ശിവദാസ്, കർഷക തൊഴിലാളി തിരുമല വാർഡിൽ ലളിതാംബിക എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.