 
ആലപ്പുഴ: മാജിക്കിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഇനങ്ങൾ അവതരിപ്പിച്ച് അച്ഛനും മകളും ഇന്ത്യ ബുക്സ് ഒഫ് റെക്കാഡ്സിലേക്ക്. മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പള്ളിയാവട്ടം സ്വദേശികളായ നന്ദൂട്ടി എന്ന ദക്ഷ വി.ശരത്തും അച്ഛൻ പള്ളിയാവട്ടം ശരത്ത് എന്നറിയപ്പെടുന്ന എസ്. ശരത്തുമാണ് റെക്കാഡിനുടമകൾ.
30 സെക്കൻഡിൽ 16 മാജിക്കുകൾ ചെയ്താണ് ദക്ഷ വി. ശരത്ത് മുൻപുണ്ടായിരുന്ന റെക്കാഡ് മറികടന്നത്. കണ്ണുകൾ മൂടിക്കെട്ടി ഒരു മിനിറ്റിൽ 18 മാജിക്കുകൾ ചെയ്ത് അച്ഛനും റെക്കാഡിലെത്തി. ബാലസംഘം പള്ളിയാവട്ടം കിഴക്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് ചെറുപുഷ്പ ബഥനി സീനിയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസുകാരിയായ ദക്ഷ. കേരള കർഷക സംഘo തെക്കേക്കര കിഴക്ക് മേഖല സെക്രട്ടറിയും, വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് ശരത്ത്. മെന്റലിസവും ഹിപ്നോട്ടിസവുമെല്ലാം കൈവശമുള്ള ശരത്ത് മകൾക്ക് അതുകൂടി പകർന്നു നൽകാനുള്ള തയ്യാറെടുപ്പിലാണ്. അമ്മ വീണ പിന്തുണയുമായി ഒപ്പമുണ്ട്.