മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന് ആറ് വര്‍ഷം പിന്നിടവേ, ഇതുവരെ ഒരു രൂപയുടെ ഇടപാടു പോലും നടന്നില്ലെങ്കിലും ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് 2021-22 വര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നല്‍കിയത് മൂന്നരക്കോടി രൂപയെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
ശമ്പളമായി 1.85 കോടി, ബോണസ് 2.87 ലക്ഷം, വെല്‍ഫയര്‍ ഫണ്ട് 61490, പെന്‍ഷന്‍ ഫണ്ട് 21.97 ലക്ഷം, ശമ്പളകുടിശ്ശിക 15.13 ലക്ഷം, ഡി.എ കുടിശ്ശിക 1.16 കോടി, ലീവ് സാലറി 3.86 ലക്ഷം, മെഡിക്കല്‍ അലവന്‍സ് 1.17 ലക്ഷം, കണ്ണാടി അലവന്‍സ് 15000 എന്നിങ്ങനെയാണ് ജീവനക്കാർക്ക് പണം അനുവദിച്ചത്.
നിക്ഷേപകര്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭരണ സമിതിക്ക് സഹകരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന സഹകരണ വകുപ്പ് നിര്‍ദ്ദേശത്തിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ നിക്ഷേപകര്‍ സഹകരണ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടെങ്കിലും നിലവിലെ ഭരണ സമിതി തുടരുന്ന സാഹചര്യത്തില്‍ ഗ്യാരന്റി നല്‍കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. 2020ല്‍ തിരികെ കിട്ടാനുള്ള വായ്പ 45 കോടി ആയിരുന്നെങ്കില്‍ നിലവിൽ 25 കോടിയോളം മാത്രമാണ്. ബാങ്ക് തകര്‍ന്ന ശേഷവും സൂപ്പര്‍ ഗ്രേഡില്‍ നിന്ന് ബാങ്ക് സാങ്കേതികമായി മാറാത്തതിനാൽ അന്നത്തെ ശമ്പള സ്‌കെയിലിലായിണ് ജീവനക്കാർക്ക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരുന്നത്. സൂപ്പര്‍ ഗ്രേഡില്‍നിന്ന് ക്ലാസ് അഞ്ചിലേക്ക് ബാങ്കിനെ മാറ്റണമെന്ന് ജോയിന്റ രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഭരണ സമിതിയെ ഒഴിവാക്കി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ബി.ജയകുമാര്‍, എം.വിനയന്‍, വി.ജി.രവീന്ദ്രന്‍, ടി.കെ.പ്രഭാകരന്‍ നായര്‍, രമാ രാജന്‍, ശോഭ ഹരികുമാര്‍, പ്രഭ ബാബു എന്നിവര്‍ ആവശ്യപ്പെട്ടു. താലൂക്ക് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ ബ്രാഞ്ചുകളിലെയും നിക്ഷേപകരുടെ യോഗം 23ന് വൈകിട്ട് 3ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.